കൊച്ചി: ശബരിമല തീർത്ഥാടനത്തിനും ആയുർവേദ സൗഖ്യചികിത്സയ്ക്കും മലേഷ്യക്കാരെ കേരത്തിലേയ്ക്ക് ആകർഷിക്കാൻ പദ്ധതി ഒരുങ്ങുന്നു. കേരളവും മലേഷ്യയും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ കേരള ഘടകമാണ് മുൻകൈ എടുക്കുന്നത്.
ടൂറിസം രംഗത്തെ പരസ്‌പരവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ അസോസിയേഷൻ പ്രതിനിധിസംഘം മലേഷ്യയിലെ ക്വാലാലംപൂരിലെത്തി. ടൂറിസം മലേഷ്യ, മലേഷ്യ എയർലൈൻസ്, മലേഷ്യൻ ഇന്ത്യൻ ട്രാവൽ ആൻഡ് ടൂർ അസോസിയേഷൻ, ടൂറിസം ബോർഡ്, സംരംഭകർ തുടങ്ങിയവരുമായി ചർച്ച നടത്തും. ശബരിമല, ആയുർവേദം എന്നിവയെയാണ് പ്രധാനമായും മലേഷ്യൻ സഞ്ചാരികളെ ആകർഷിക്കാൻ കേരളം ഉയർത്തിക്കാട്ടുക.
സഞ്ചാരികളെ പരസ്‌പരം ആകർഷിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്യും. ഇന്ത്യൻ സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന കോട്ട കിനാബലു എന്ന പുതിയ ടൂറിസം കേന്ദ്രത്തിനാണ് മലേഷ്യ പ്രാധാന്യം നൽകുന്നത്. യാത്രക്കാരുടെ എണ്ണം പരസ്‌പരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ചയാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മറിയാമ്മ ജോസ്, സെക്രട്ടറി അഷ്‌റഫ് നെല്ലിക്കുന്നൻ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗസംഘമാണ് മലേഷ്യ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |