തൊടുപുഴ: മികച്ച വില കിട്ടിയിട്ടും ഏലം കർഷകർക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. കഴിഞ്ഞ വർഷം ശക്തമായ വേനലാണ് പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇത്തവണ വിനയായത് പെരുംമഴയാണ്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ 500 ഹെക്ടറിലേറെ ഏലം കൃഷിയാണ് കാറ്റിലും മഴയിലും മാത്രം നശിച്ചത്. കാറ്റിൽ ഏലച്ചെടികൾ ഒടിഞ്ഞു വീണതു കൂടാതെ മരങ്ങൾ വീണും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം നശിച്ചു. മൂവായിരത്തോളം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാൽ ഇതിന്റെ ഇരട്ടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഏലം കർഷകർ പറയുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മേയ് വരെയുണ്ടായ വേനൽച്ചൂടിൽ 17,944 കർഷകരുടെ 4368.8613 ഹെക്ടറിലെ ഏലം കൃഷി നശിച്ചതിൽ ആകെ 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. സർക്കാരിന്റെ എയിംസ് പോർട്ടലിൽ ലഭിച്ച നഷ്ടപരിഹാര അപേക്ഷകൾ പ്രകാരമുള്ള കണക്കാണിത്. ഈ നഷ്ടപരിഹാരം പൂർണമായി കർഷകർക്ക് ലഭിച്ചിട്ടില്ല.
'കഴിഞ്ഞ വർഷത്തെ വരൾച്ചയിലുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെയാണ് കനത്ത മഴയിൽ വീണ്ടും കൃഷി നശിച്ചത്. കൃഷി മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ്
-ടി.കെ. രാജീവൻ (ഏലം കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |