കൊച്ചി: അഞ്ചു ലിറ്ററിൽ താഴെയുള്ള കുപ്പിവെള്ളവിപണനം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മാത്രം നിരോധിച്ച ഹൈക്കോടതി വിധി അപ്രായോഗികമാണെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷമാണെങ്കിലും ഒറ്റത്തവണ ഉപയോഗിക്കുന്ന അഞ്ചു ലിറ്ററിന് താഴെയുള്ള കുപ്പിവെള്ളം മറ്റെല്ലായിടങ്ങളിലും ലഭിക്കുമ്പോൾ ഹോട്ടലുകളിൽമാത്രം നിരോധിച്ചാൽ എന്ത് പ്രയോജനമാണ് ലഭിക്കുകയെന്ന് മനസിലാകുന്നില്ല. കുപ്പിവെള്ളം മൊത്തവിപണിയിൽ ലഭിക്കുമെന്നിരിക്കെ ചില്ലറവിൽപ്പനക്കാരായ ഹോട്ടലുകളിൽ നിരോധിക്കുന്നത് അശാസ്ത്രീയമാണ്.
പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംവിധാനം ഒരുക്കണം. മനുഷ്യന്റെ പ്രാഥമികാവശ്യമായ വെള്ളം ആവശ്യത്തിന് ലഭിക്കാൻ ബദൽ സൗകര്യം ഒരുക്കാതെ കുപ്പിവെള്ളം നിരോധിക്കുന്നത് പ്രായോഗികമല്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കുപ്പിവെള്ളനിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് ഹോട്ടൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ പ്ലാസ്റ്റിക് ഉപയോഗം കുറയുകയോ പരിസ്ഥിതിക്ക് ഗുണമുണ്ടാകുകയോ ചെയ്യില്ല. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കുപ്പിവെള്ള നിരോധനത്തിന്റെ അപ്രായോഗികത സംബന്ധിച്ച് കോടതിയെ ബോദ്ധ്യപ്പെടുത്താൻ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |