തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ പിഴവ്. വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സർട്ടിഫിക്കറ്റുകളിലെ മാർക്കിലാണ് പിശക് സംഭവിച്ചത്. മാർക്ക് തിരുത്തി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ.
സർട്ടിഫിക്കറ്റ് അച്ചടിക്കാൻ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം നൽകിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറിൽ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
സർട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടൻ വിതരണം ചെയ്യുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോ.ഡയറക്ടർ ഡോ.മാണിക്കരാജ് അറിയിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സർക്കാർ നീക്കം.
കോളേജ് പ്രവേശനം നടക്കുന്ന വേളയിൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ പിഴവ് വരുത്തിയവർക്കെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. മാർക്ക് ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ
കർശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആർ. അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.
#നിരന്തര മൂല്യനിർണയത്തിലെ
മാർക്കിൽ വ്യത്യാസം
പാർട്ട് ത്രീ ഓപ്ഷണൽ രണ്ടാമത്തെ വിഷയത്തിൽ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയതിലാണ് പിശക് സംഭവിച്ചത്. സർട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തിൽ ഒരുപോലെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിർണയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വ്യത്യസ്തമായ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റിൽ ആദ്യവർഷത്തെ മാർക്കു തന്നെയാണ് രണ്ടാമത്തെ വർഷത്തെ മാർക്കായി രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥിക്ക് മൊത്തം കിട്ടിയ മാർക്കിൽ വ്യത്യാസമില്ലെങ്കിലും രണ്ടു കോളത്തിലേയും മാർക്ക് തമ്മിൽ കൂട്ടുമ്പോൾ കണക്ക് തെറ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |