ക്രൂഡോയിൽ, സ്വർണ വില മൂക്കുകുത്തി
ഓഹരികൾ നേട്ടപാതയിൽ
കൊച്ചി: ഇറാനും ഇസ്രയേലും വെടിനിറുത്തലിന് ധാരണയായെന്ന വാർത്തകൾ ആഗോള വ്യാപകമായി വിപണികൾക്ക് ആശ്വാസം പകർന്നു. പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണം, ക്രൂഡോയിൽ എന്നിവയിൽ നിന്ന് പണം പിൻവലിച്ച് ഓഹരി വിപണികളിൽ സജീവമായി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 69 ഡോളറിലേക്ക് മൂക്കുകുത്തി. സ്വർണ വില ഔൺസിന് 50 ഡോളർ ഇടിഞ്ഞ് 3,318 ഡോളറിലെത്തി. എന്നാൽ വെടിനിറുത്തലിന് ശേഷവും ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതോടെ നിക്ഷേപകർ കടുത്ത അനിശ്ചിതത്വത്തിലാണ്. ഇസ്രയേൽ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ സ്വർണം ക്രൂഡ് എന്നിവ വീണ്ടും തിരിച്ചുകയറിയേക്കും. മുൻപൊരിക്കലുമില്ലാത്ത ചാഞ്ചാട്ടമാണ് ക്രൂഡ്, സ്വർണം, ഓഹരി എന്നീ വിപണികളിൽ ദൃശ്യമാകുന്നത്.
ഇന്നലെ കേരളത്തിൽ സ്വർണ വില രണ്ട് ഘട്ടങ്ങളിലായി പവന് 1,080 രൂപ കുറഞ്ഞ് 72,760 രൂപയായി. രാവില പവന് 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 135 രൂപ ഇടിഞ്ഞ് 9,095 രൂപയിലെത്തി.
ഓഹരി വിലകളിൽ കനത്ത ചാഞ്ചാട്ടം
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായി. വെടിനിറുത്തൽ വാർത്തയുടെ ആവേശത്തിൽ വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് ആയിരം പോയിന്റിലധികമാണ് മുന്നേറിയത്. നിഫ്‌റ്റിയും മികച്ച നേട്ടമുണ്ടാക്കി. എന്നാൽ ഇറാൻ വെടിനിറുത്തൽ ധാരണ ലംഘിച്ച് ആക്രമണം തുടരുന്നുവെന്ന ആരോപണം വന്നതോടെ നിക്ഷേപകർ വീണ്ടും കടുത്ത ആശങ്കയിലായി. ഇതോടെ നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങി. വ്യാപാരാന്ത്യത്തിൽ സെൻസെക്‌സ് 158 പോയിന്റ് നേട്ടവുമായി 82,055.11ൽ അവസാനിച്ചു. നിഫ്‌റ്റി 72 പോയിന്റ് ഉയർന്ന് 25,044.35ൽ അവസാനിച്ചു.
നേട്ടപാതയിൽ രൂപ
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളും ക്രൂഡോയിൽ വിലയിലെ ഇടിവും രൂപയ്ക്ക് കരുത്ത് പകർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 75 പൈസ നേട്ടത്തോടെ 86.03ൽ അവസാനിച്ചു. ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ പണമൊഴുക്കിയതും രൂപയ്ക്ക് ഗുണമായി.
പവൻ വില 72,760 രൂപയിലേക്ക് താഴ്ന്നു
ക്രൂഡ് വില ബാരലിന് 69 ഡോളറിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |