ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കാനും ഫലം മെച്ചപ്പെടുത്താനും 'ഇരട്ട പരീക്ഷാ' സമ്പ്രദായം 2025-2026 അദ്ധ്യയന വർഷം മുതൽ പത്താം ക്ളാസിൽ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനം.
2026 ഫെബ്രുവരിയിലും മേയിലും ബോർഡ് പരീക്ഷ നടത്തും. പരീക്ഷാ രീതി, സിലബസ്, ചോദ്യ പാറ്റേൺ എന്നിവയിൽ മാറ്റമില്ല. ഫെബ്രുവരിയിലേത് എല്ലാവരും നിർബന്ധമായും എഴുതേണ്ട മെയിൻ പരീക്ഷയായിരിക്കും.
ഫെബ്രുവരി പരീക്ഷാഫലം ഏപ്രിലിലും മേയ് ഫലം ജൂണിലും വരും. ആദ്യ ഫലം ഉപയോഗിച്ച് 11-ാം ക്ലാസ് പ്രവേശനം നേടാം. മാർക്ക്ഷീറ്റും മെരിറ്റ് സർട്ടിഫിക്കറ്റും മറ്റും രണ്ടാം ഫലത്തിന് ശേഷമേ നൽകൂ.
നിബന്ധനകൾ:
ഒന്നാം പരീക്ഷ (മെയിൻ പരീക്ഷ) എല്ലാവരും എഴുതണം. സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ തുടങ്ങി മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ എഴുതാം.
ആദ്യ പരീക്ഷയിൽ ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്ക് കമ്പാർട്ട്മെന്റ് വിഭാഗത്തിൽ രണ്ടാം പരീക്ഷ എഴുതാം.
ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതാത്തവർ 'എസൻഷ്യൽ റിപ്പീറ്റ്' വിഭാഗത്തിൽ അടുത്ത വർഷം മെയിൻ പരീക്ഷയ്‌ക്ക് ഹാജരാകണം.
മെയിൻ പരീക്ഷ എഴുതേണ്ടവർ
അദ്ധ്യയന വർഷം 10-ാം ക്ലാസിൽ ആദ്യ ശ്രമം നടത്തുന്നവർ.
മുൻ വർഷങ്ങളിൽ പരാജയപ്പെട്ടവരും രണ്ടാമത്തെ കമ്പാർട്ട്മെന്റ് ശ്രമം നടത്തുന്നവരും.
തൊട്ടു പിന്നിലെ വർഷം 'എസൻഷ്യൽ റിപ്പീറ്റ്' ആയവർ.
വിജയിച്ച വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ
രണ്ടാം പരീക്ഷ എഴുതാവുന്നവർ
പരമാവധി മൂന്ന് പ്രധാന വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നവർ.
ആദ്യത്തെയോ, മൂന്നാമത്തെയോ കമ്പാർട്ട്മെന്റ് വിഭാഗത്തിലെ പരീക്ഷ എഴുതുന്നവർ.
ഒരു കമ്പാർട്ട്മെന്റ് പരീക്ഷയും ഒരു ഇംപ്രൂവ്മെന്റ് പരീക്ഷയും എഴുതുന്നവർ.
റീപ്ളേസ്‌മെന്റ് വിഷയത്തിൽ പരീക്ഷ എഴുതി വിജയിച്ച് ഫലം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |