കണ്ണൂർ: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതുൾപ്പെടെ തുറന്നു പറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധമുള്ള, അഴിമതി തീണ്ടാത്ത, ആത്മാർത്ഥതയോടെ ജോലി എടുക്കുന്ന അത്തരം ഒരാൾ പക്ഷേ, ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിനകത്തും പുറത്തും പരക്കെ അംഗീകാരമുള്ള നമ്മുടെ ആരോഗ്യ മേഖലയെ എങ്ങനെ തെറ്റായി ചിത്രീകരിക്കാനാവുമെന്ന ശ്രമമാണ് മെഡിക്കൽ കോളേജുകളെ കേന്ദ്രീകരിച്ച് നടക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം നല്ലതോതിൽ വർദ്ധിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിരിക്കെ തെറ്റായ ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഒ.ആർ.കേളു, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പുതിയ ഡി.ജി.പി റവാഡ ചന്ദ്രശേഖർ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
'സമയബന്ധിതമായി
തീരുമാനമെടുക്കണം'
ഏതുകാര്യത്തിലും സമയബന്ധിതമായി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി. എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടുന്ന രീതി പാടില്ല. തീരുമാനം അതതു തലത്തിൽ എടുക്കണം. നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനത്തിന് സർക്കാരിൽ നിന്ന് പരിരക്ഷയുണ്ടാകും. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കുക. ചിലത് തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം. അത് വന്നോട്ടെ. പക്ഷേ, നല്ല ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |