ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 44 ആയി.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ മുപ്പതോളം ആളുകൾ ചികിത്സയിലാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയുടെ കെട്ടിടങ്ങൾ പൂർണമായും തകർന്നു.
കൊലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിർദ്ദേശിച്ചു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകും. മന്ത്രിമാരായ സി. ദാമോദർ രാജ നരസിംഹ, വിവേക് വെങ്കടസ്വാമി, ഡി. ശ്രീധർ ബാബു, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരും അപകടസ്ഥലം സന്ദർശിച്ചു. 15 ഓളം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ കമ്പനി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അപകടം സംഭവിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.
പാശമൈലാരം വ്യവസായ എസ്റ്റേറ്റിലുള്ള സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിൽ കഴിഞ്ഞ ദിവസം രാവിലെ 9.30നാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദ്ദം രൂപപ്പെട്ടിനെത്തുടർന്നുണ്ടായ പ്രതിപ്രവർത്തനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാകമ്പോൾ 90 ഓളം തൊഴിലാളികളുണ്ടായിരുന്നു.
പ്ലാന്റ് പൂർണമായി തകർന്നു. സ്‌ഫോടനത്തിന്റെ ശക്തിയിൽ ചിലർ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു
-ദാമോദർ രാജ
ആരോഗ്യമന്ത്രി
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന്
നയം കൊണ്ടുവരും
-രേവന്ത് റെഡ്ഡി
തെലങ്കാന മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |