ചെന്നൈ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം മധുരയിൽ നടന്ന ഗവാൻ മുരുകൻ ഭക്തജന സമ്മേളനത്തിൽ സംസാരിച്ചപ്പോൾ മതപരമായ കാര്യങ്ങൾ പറയുന്നതിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുവെന്നാണ് പരാതി.
ബി.ജെ.പി മുൻ തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ, ഭക്തജന സമ്മേളനത്തിന്റെ പ്രധാന സംഘാടകർ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസുണ്ട്. ആത്മീയ പരിപാടിയിൽ രാഷ്ട്രീയവും മതപരവുമായ പ്രസംഗങ്ങൾ നടത്തുന്നതിൽ മദ്രാസ് ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മധുര പീപ്പിൾസ് ഫെഡറേഷൻ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ അഭിഭാഷകനും കോർഡിനേറ്ററുമായ എസ്. വഞ്ചിനാഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
അണ്ണാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 196(1)(എ), 299, 302, 353(1)(ബി)(2) എന്നീ വകുപ്പുകൾ പ്രകാരമാണിത്.
പ്രസംഗങ്ങളുടെയും ഇലക്ട്രോണിക് ആശയവിനിമയങ്ങളുടെയും ഉള്ളടക്കത്തിൽ 'മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന' ഭാഷ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഭഗവാൻ മുരുകന്റെ ആറ് പുണ്യ വാസസ്ഥലങ്ങളുടെ (ആറുപടൈ വീട്) പകർപ്പുകൾ കൊണ്ട് ചുറ്റപ്പെട്ട ഒരു വേദിയിൽ നടന്ന സമ്മേളനത്തിൽ ഒരു ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തതായാണ് കണക്ക്.
മുരുകൻ ഭക്തർ പരമ്പരാഗതമായി ധരിക്കുന്ന പച്ച വേഷ്ടി ധരിച്ച പവൻ കല്യാൺ, 'ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നതിനുള്ള ഒരു കവചമായി മതേതരത്വം ചിലർക്ക് മാറിയിരിക്കുന്നു' എന്നാരോപിച്ചിരുന്നു.
തമിഴ്നാട്ടിൽ ഒരു മുരുകൻ സമ്മേളനം എന്തിനാണ് നടത്തിയതെന്ന് ചോദ്യം ചെയ്തതിന് രാഷ്ട്രീയ നേതാക്കളെ വിമർശിക്കുകയും ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുക്കളെ ഒന്നിച്ചു വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഡി.എം.കെ സർക്കാർ 'ക്ഷേത്രങ്ങളെ വരുമാന സ്രോതസ്സുകളായി കണക്കാക്കുന്നത്' നിർത്തണമെന്ന് ആവശ്യപ്പെടുന്നതും ഉൾപ്പെടെ ആറ് പ്രമേയങ്ങളും സമ്മേളനം പാസാക്കിയിരുന്നു.
പ്രതികരിക്കാതെ അണ്ണാ ഡി.എം.കെ
മുരുകൻ സമ്മേളനവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയുടെ സംസ്ഥാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല. എൻ.ഡി.എയിലേക്ക് മടങ്ങിയെത്തിയിട്ടും ബി.ജെ.പിയുമായി ബന്ധപ്പെട്ട പരിപാടികളിൽ അകലം പാലിക്കുകയാണ് അണ്ണാ ഡി.എം.കെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |