കഴിഞ്ഞ ദിവസങ്ങളിൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ" എന്ന പരമ്പരയെക്കുറിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ പ്രതികരിക്കുന്നു.
തിരുവനന്തപുരം : അത്‌ലറ്റിക്സിൽ മാത്രമല്ല കായിക രംഗത്ത് കേരളത്തിനുണ്ടായ ക്ഷീണം മാറ്റുന്നതിനായി കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ" എന്ന പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മികച്ച സ്റ്റേഡിയങ്ങൾ കായികതാരങ്ങൾക്കായി നിർമ്മിച്ചു നൽകുകയും വിദേശത്തുനിന്നുൾപ്പടെ മികച്ച പരിശീലകരെ എത്തിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ദേശീയ തലത്തിൽ കേരളത്തെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പും സ്പോർട്സ് കൗൺസിലും നടത്തുന്നത്. പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകും. കഴിഞ്ഞദിവസം പുറത്തുവന്ന കേന്ദ്ര കായികനയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതിനുമുന്നേ നമ്മുടെ കായികനയത്തിൽ കൊണ്ടുവന്നിട്ടുണ്ട്.കായിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയത് നമ്മളാണ്. ജി.വി രാജ സ്പോർട്സ് സ്കൂൾ പോലുള്ള സ്ഥാപനങ്ങളിലെ റിസൾട്ടുകൾ പരിശോധിക്കുമ്പോൾ ഇനിയും മുന്നോട്ടുകുതിക്കാൻ കേരളത്തിന് കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ചേർന്ന സ്പോർട്സ് കൗൺസിലിന്റെ ജനറൽ ബോഡി യോഗത്തിൽ കായികരംഗത്തെ പ്രതിസന്ധികൾ വിശദമായി വിലയിരുത്തിയെന്നും നല്ല രീതിയിൽ മുന്നോട്ടുപോകാൻ വേണ്ടത് കൗൺസിലും കായിക അസോസിയേഷനുകളും ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.
ഒരു കാലത്ത് മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യാൻ കൗൺസിൽ അക്കാദമികൾക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇന്ന് ശരാശരി താരങ്ങൾ പോലും ഉയർന്നു വരുന്നില്ലെന്ന് ജനറൽ ബോഡിയിൽ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളുടെ നിലവാരം മോശമാണ്. നല്ല ഭക്ഷണം നല്‍കുന്നതിലും വീഴ്ച ഉണ്ട്. ഈ സ്ഥിതി മാറണം. കുട്ടികൾക്ക് ഏറ്റവും നല്ല സൗകര്യം ലഭ്യമാക്കണം. ഹോസ്റ്റലുകളുടെ നിലവാരം കൃത്യമായ ഇടവേളകളിൽ വിദഗ്ധസമിതി പരിശോധിക്കണം.
കായികപുരോഗതി കൃത്യമായി വിലയിരുത്തണം.
കൂടുതൽ അക്കാദമികൾ നോക്കി നടത്താൻ കൗൺസിലിന് നിലവിൽ സാധിക്കില്ല. പകരം നിലവിലെ അക്കാദമികള്‍ നല്ല നിലയിൽ നടത്തുകയാണ് വേണ്ടത്. സ്‌പോട്‌സ് സ്‌കൂളുകളിലേക്കും കൗൺസിൽ ഹോസ്റ്റലുകളിലേക്കും ശാസ്ത്രീയമായ ഏകീകൃത സെലക്ഷൻ സംവിധാനം കാര്യക്ഷമമാക്കണം.
9 വർഷം, 3500 കോടി രൂപയുടെ
അടിസ്ഥാന സൗകര്യങ്ങൾ
കഴിഞ്ഞ 9 വർഷത്തിനിടെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ കായിക മേഖലയിൽ നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന വാഗ്ദാനം യാഥാർത്ഥ്യമാവുകയാണ്. 11 കളിക്കളങ്ങൾ പൂർത്തിയായി.
54 കളിക്കളങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. 40 എണ്ണത്തിന്റെ നിർമ്മാണം ഉടന്‍ തുടങ്ങും. 800 ൽ അധികം തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചു.
കൗൺസിലിലെ പോരായ്മകൾ
പരിഹരിച്ച് മുന്നോട്ട്
സ്‌പോർട്‌സ് കൗൺസിലിനെ സജീവമാക്കാൻ സർക്കാർ ഏറ്റവും നല്ല നിലയിലാണ് ഇടപെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സ്‌പോർട്‌സ് ഹോസ്റ്റൽ മെസ് തുക നൽകുന്നതിലെ പോരായ്മ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം 5 കോടി രൂപയും വീണ്ടും 5 കോടിയും ഹോസ്റ്റലുകൾക്ക് അനുവദിച്ചു. അസോസിയേഷനുകൾക്ക് ഗ്രാന്റ് ലഭിക്കാത്തത് വലിയ പരാതിയാണ്. അതിനും പരിഹാരം കണ്ടു. ദേശീയ ഗെയിംസിനുള്ള ടീമിനെ ആദ്യമായി വിമാനത്തിൽ കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |