കൊല്ലം: യുവജനങ്ങളെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കാൻ ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾ. പുൽക്കൃഷി മുതൽ സ്മാർട്ട് ഡയറി ഫാം വരെയുള്ള വിവിധ പദ്ധതികളാണ് തയ്യാറായത്. നിലവിലെ ക്ഷീര കർഷകർക്കും പുതുതായി മേഖലയിലേക്ക് എത്തുന്നവർക്കും പ്രയോജനപ്പെടും.
ക്ഷീരമേഖലയിൽ ചെറുപ്പക്കാരുടെ എണ്ണം കുറവാണ്, എന്നാൽ വലിയ ശമ്പളമുള്ള ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ചുപോലും ഈ മേഖലയിലേക്ക് എത്തിയവരുണ്ട്. ഡയറി ഫാം നടത്തിപ്പ് സംബന്ധിച്ച് ശരിയായ ബോധവത്കരണം, പരിശീലനം എന്നിവയൊക്കെ നൽകിയാൽ ബിസിനസ് എന്ന നിലയിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. പുല്ലും വൈക്കോലുമടക്കം അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുമ്പോൾ ചെലവ് കൂടുന്നുമുണ്ട്. ഇവിടെ പുൽക്കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ക്ഷീര വകുപ്പ്.
ഇരുപത് സെന്റിന് മുകളിലുള്ളവർക്കാണ് പുൽകൃഷി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തരിശ് ഭൂമിയിലുള്ള പുൽകൃഷി, ചോള കൃഷി എന്നീ പദ്ധതികൾക്ക് പുറമെ പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവത്കരണം, ജലസേചന സഹായങ്ങളും ഉൾപ്പെടും. ഡയറി ഫാമുകളുടെ ആധുനികവത്കരണം, കയർ മത്സ്യബന്ധന മേഖലകൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20, 10, 5, 2 പശുക്കളുടെ യൂണിറ്റ്, ഒരു പശുവിന്റെ യൂണിറ്റ് എന്നിങ്ങനെയാണ് പശുവളർത്തലിനുള്ള പദ്ധതികൾ.
യുവജനങ്ങളെ ലക്ഷ്യമിട്ടാണ് സ്മാർട്ട് ഡയറി ഫാം പദ്ധതിയെത്തുന്നത്. 10 പശു അടങ്ങുന്നതാണ് പദ്ധതി. മിൽക്കിംഗ് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായവും തൊഴുത്ത് നിർമ്മാണ സഹായവും കൂടി ഉൾപ്പെടുന്നതാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുമുണ്ട്.
അപേക്ഷകൾ ഓൺലൈനിൽ
ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾ ബ്ളോക്ക് തല ക്ഷീര വികസന യൂണിറ്റുകളിൽ ലഭിക്കും. ഈ മാസം 20ന് മുമ്പായി അപേക്ഷിക്കണം.
ഡയറി യൂണിറ്റുകളടക്കം തുടങ്ങാൻ കൂടുതൽപേർ എത്തുന്നുണ്ട്. പരമാവധി സഹായങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജെ.ചിഞ്ചുറാണി, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |