കൊച്ചി: സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായി ലളിതവത്കരിക്കാൻ നിർമ്മിത ബുദ്ധി(എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ഇൻഫോപാർക്കിലെ ഐ.ബി.എം ക്യാമ്പസിൽ ഏർപ്പെടുത്തിയ ഇക്കോസിസ്റ്റം ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ നടപടികളിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിന് വ്യക്തമായ ധാരണയും ചർച്ചയും ആവശ്യമാണ്. സ്വകാര്യത, ഡാറ്റ സുരക്ഷ എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കും.
വ്യവസായമേഖലയിൽ എ.ഐ ഏർപ്പെടുത്താൻ ഇൻഡ്‌സ്ട്രി ജെൻ എ.ഐ 4.0 എന്ന കരട് നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യവസായ മേഖലയുടെ പ്രതികരണം അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഐ.ബി.എമ്മിന്റെ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ മിർ മുഹമ്മദ് അലി, ഐ.ബി.എം ഇന്ത്യ വൈസ് പ്രസിഡന്റ് വിശാൽ ചഹൽ, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |