അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കെ കെ രമ എം എൽ എ. 'നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്. അന്ത്യാഭിവാദ്യങ്ങൾ.'- എന്നാണ് രമ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
അന്ന് ആശ്വാസമായി വി എസ് എത്തി
കെ കെ രമയുടെ ഭർത്താവും ആർ എം പി നേതാവുമായ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2012 മേയ് നാലിനാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. അന്ന് പാർട്ടി എതിർപ്പുകളെല്ലാം മറികടന്ന്, രമയേയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ വി എസ് എത്തി. വി എസിന്റെ കൈയിൽ പിടിച്ചുകൊണ്ട് രമ തേങ്ങിക്കരയുന്ന ചിത്രം മലയാളികൾക്ക് ഇന്നും നോവാണ്. ആ ചിത്രം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രമ ഉപയോഗിച്ചതും.
ടി പി ചന്ദ്രശേഖരൻ വധത്തിന് പിന്നാലെ വി എസും പാർട്ടിയും തമ്മിൽ ഒരകൽച്ചയുണ്ടായി. കൊലപാതകത്തെ തുടർന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വി എസ് എടുത്തത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പുദിവസമാണ് അദ്ദേഹം ടി പിയുടെ വിധവയെ കാണാൻ പോയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് പാർട്ടിക്കുള്ളിലും പുറത്തും ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |