ടി.വി.പുരം: ഒരു മഴയേ വേണ്ടൂ..... റോഡ് തന്നെ തിരിച്ചറിയില്ല. ദുരിതം അത്രകണ്ടാണ്. റോഡിനൊപ്പം ഓട നിർമ്മിക്കാതിരുന്നതിനെ തുടർന്ന് ടി.വി പുരം മൂത്തേടത്തുകാവ് കോട്ടച്ചിറയിലെ പണ്ഡിറ്റ് കെ.പി.കറുപ്പൻ മെമ്മോറിയൽ ഗ്രന്ഥശാല പരിസരവും സമീപത്തെ വീടുകളും വെള്ളകെട്ടിലമരുകയാണ്. ആഴ്ചകളായി ഇതാണ് അവസ്ഥ. റോഡിന് സമീപം വേമ്പനാട്ടുകായലും കായലുമായി ബന്ധപ്പെട്ട് ഒഴുകുന്ന തോടുമുണ്ട്. പക്ഷേ റോഡിലെ വെള്ളം കായലിലേയ്‌ക്കോ തോട്ടിലേയ്‌ക്കോ ഒഴുക്കാൻ ഓടയില്ല. പെയ്ത്തു വെള്ളം റോഡിൽ തളം കെട്ടിനിൽക്കും. ഒപ്പം മാലിന്യം കലർന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നീന്തിപ്പോയാൽ പണികിട്ടും
റോഡിലെ വെള്ളത്തിൽ പതിവായി നീന്തിപോകുന്നതിനാൽ പ്രദേശവാസികൾക്ക് കാലിൽ ചൊറിച്ചിലനുഭവപ്പെടുന്നുണ്ട്. ഗ്രന്ഥശാലയിലും അനുബന്ധിച്ചുള്ള വായനശാലയിലും നിരവധി പേർ എത്തുന്നുണ്ട്. വെള്ളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നവർ വീണ് പരിക്കേൽക്കുമെന്ന സ്ഥിതിയുമുണ്ട്.
3 കിലോമീറ്റർ
മൂത്തേടത്തുകാവിൽ തുടങ്ങി പഴുതുവള്ളി വരെയുള്ള മൂന്ന് കിലോമീറ്ററിലധികം വരുന്ന റോഡിന്റെ ഓടയില്ലാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ട്. ഓടയുടെ ആവശ്യം നിർമ്മാണഘട്ടത്തിൽ തന്നെ ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചെന്നാണ് നാട്ടുകാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |