കണ്ണൂർ: കൊയിലി ആശുപത്രിയിലെ ആറാം നിലയിലേക്ക് പോകുന്ന ലിഫ്റ്റിൽ സാങ്കേതിക കുഴപ്പമുണ്ടായപ്പോൾ ഉള്ളിൽ കുടുങ്ങിയത് കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സഹയാത്രികരും. 15 വർഷം മുമ്പുണ്ടായ സംഭവം സാധാരണ സാങ്കേതിക തകരാറിനെ സംസ്ഥാനതല സുരക്ഷാ പ്രതിസന്ധിയാക്കി മാറ്റുകയായിരുന്നു.
കണ്ണൂരിൽ പാർട്ടി വിഭാഗീയത രൂക്ഷമായിരുന്ന കാലഘട്ടത്തിൽ, മുഖ്യമന്ത്രിയുടെ ഓരോ നീക്കവും രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതായിരുന്നു. പാർട്ടി വിമതനായിരുന്ന ബർലിൻ കുഞ്ഞന്തൻ നായരെ കാണാൻ വി.എസ് കൊയിലി ആശുപത്രിയിലെത്തിയത് അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ ശ്രദ്ധേയമായ സംഭവമായി.അസുഖ ബാധിതനായ ബർലിൻ ആശുപത്രിയിലെ ആറാം നിലയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന മുഖ്യമന്ത്രിയോടൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ, വി.എസിന്റെ പി.എ സുരേഷ്, കണ്ണൂർ ടൗൺ സി.ഐ ടി.കെ.രത്നകുമാർ എന്നിവരുമുണ്ടായിരുന്നു.
ലിഫ്റ്റ് സാങ്കേതിക കുഴപ്പം മൂലം നിലത്തിറങ്ങുന്നതിനിടയിൽ നിശ്ചലമായി. ലൈറ്റ് സൂചനകളോ ,അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോ ഇല്ലായിരുന്ന കാലം. ലിഫ്റ്റ് ഏതു നിലയിലാണെന്ന് അറിയാൻ പോലും മാർഗമില്ല.
മുഖ്യമന്ത്രി ലിഫ്റ്റിൽ കുടുങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. പ്രായക്കൂടുതലുള്ള മുഖ്യമന്ത്രിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം നേരിടുമോ എന്നായി
ആശങ്ക. ഉടനെ മെക്കാനിക്കുമാരെത്തി. ലിഫ്റ്റിന്റെ ഹോളിലൂടെ അവർ കർമ്മനിരതരായി. ആശുപത്രി അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു.
അഞ്ച് മിനിട്ട് അതിന് ദൈർഘ്യമുണ്ടായിരുന്നു. വാർത്ത അപ്പോഴേക്കും സംസ്ഥാനമൊട്ടാകെ പരന്നു.ഒടുവിൽ ലിഫ്റ്റ് പ്രവർത്തന സജ്ജമായി. വാതിൽ തുറന്നപ്പോൾ മുഖ്യമന്ത്രി എന്ത് പറയുമെന്നറിയാതെ ഭയത്തിലായിരുന്നു ഉദ്യോഗസ്ഥർ.തെല്ലും കുലുക്കമില്ലാതെ
ലിഫ്റ്റിൽ നിന്നിറങ്ങി വി.എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |