അനാസ്ഥയിലും നിയമക്കുരുക്കിലും പെട്ട് നഷ്ടമായ മുല്ലപ്പെരിയാറിൽ കേരളത്തിന്റെ അവകാശം സ്ഥാപിക്കപ്പെട്ടതിൽ വി.എസ് നടത്തിയ പോരാട്ടം അവിസ്മരണീയമാണ്.
അന്തർ സംസ്ഥാന നദീജല കരാറുകളെക്കുറിച്ച് നിയമസഭയിൽ പ്രത്യേക ചർച്ചയ്ക്കായി നോട്ടീസ് നൽകാൻ എന്നെ ചുമതലപ്പെടുത്താമെന്ന് എൽ.ഡി.എഫിൽ അഭിപ്രായപ്പെട്ടത് വി.എസാണ്.1993 മാർച്ച് 31നായിരുന്നു ആ ചർച്ച. നിയമസഭാ സമിതി ഇതേക്കുറിച്ച് പഠിക്കണമെന്ന നിർദേശമാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഉന്നയിച്ചത്. ജലസേചന മന്ത്രി ടി.എം ജേക്കബ് പൂർണമായി പിന്തുണച്ചതോടെ അത് പുതിയ ചരിത്രമായി..
പിന്നീട്, 1996ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മുല്ലപ്പെരിയാർ സംബന്ധിച്ച വിവാദം കനത്തു.അന്ന് എൽഡിഎഫ് കൺവീനറായിരുന്ന വി.എസ് മുല്ലപ്പെരിയാർ സന്ദർശിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ചു.1997 ഫെബ്രുവരി 7നായിരുന്നു സന്ദർശനം . മെയിൻ ഡാമും ബേബി ഡാമും വി.എസ് കണ്ടു. സ്പിൽവേയ്ക്ക് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും അതിനു മേൽ തമിഴ്നാട് നിർമിച്ചിരിക്കുന്ന റോഡും
അവിടെ കരാറുകാർ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നതിന്റെ തെളിവുകളും കണ്ടതോടെ,.ഇനി വൈകിക്കേണ്ടെന്ന നിർദേശം വി.എസ് അംഗീകരിച്ചു.
അടുത്തത് പറമ്പിക്കുളം ആളിയാർ സന്ദർശനം.രാവിലെ 8ന് തുടങ്ങിയ യാത്ര പൊള്ളാച്ചി സന്ദർശിച്ച ശേഷം തിരുമൂർത്തി ഡാമിലെത്തി.ആളിയാറിലെ പാലാറിൽ നിർമിച്ച ഡാമാണിത്. ചിറ്റൂർ പുഴയിലേക്ക് ഇവിടെ നിന്ന് വെള്ളം കിട്ടാറില്ലെന്ന് ഞാൻ പരാതി പറഞ്ഞപ്പോൾ തമിഴ്നാട് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനോട് വി.എസ് തിരക്കി. ആ ഉദ്യോഗസ്ഥൻ പകച്ചു നിന്നു.
അവിടെ നിന്ന് വാൾപാറയിലേക്ക് പോയപ്പോഴാണ് പറമ്പിക്കുളം കരാറിന് വിരുദ്ധമായി വൈദ്യുതി നിലയം അതിനടുത്ത് തീർത്തിട്ടുണ്ടെന്ന് അറിയുന്നത്. അതോടെ അങ്ങോട്ടേയ്ക്ക് പോകണമെന്നായി വി.എസ്.വി.എസിനെയും എന്നെയും അകത്ത് വിടാമെന്നും മാധ്യമപ്രവർത്തകരെ പറ്റില്ലെന്നുമായി ഉദ്യോഗസ്ഥർ.എന്നാൽ വി.എസ് മാധ്യമ പ്രവർത്തകരെ കൂട്ടിക്കൊണ്ടുവന്ന് അകത്തേയ്ക്ക് കയറി.കൊക്കകോളയെ പ്ലാച്ചിമടയിൽ നിന്ന് കെട്ടുകെട്ടിക്കാനായി വി.എസ് നടത്തിയ സമരവും ഐതിഹാസികമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |