□ആത്മഹത്യാക്കുറിപ്പും ഫോൺ സംഭാഷണവും പുറത്ത്
പഴയങ്ങാടി(കണ്ണൂർ) : വെങ്ങര നടക്കുതാഴെ സ്വദേശിനി എം.വി.റീമ (30) മൂന്ന് വയസുകാരനായ മകനൊപ്പം ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചത് ഭർത്തൃപീഡനത്തെ തുടർന്നെന്ന് സൂചന. യുവതിയുടെ ആത്മഹത്യാക്കുറിപ്പും ഭർത്താവുമായുള്ള ഫോൺ സംഭാഷണവും കണ്ടെത്തിയതോടെയാണിത്. തന്റെയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്സാപ്പ് സന്ദേശവും കണ്ടെടുത്തു..
റീമയുടെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.ഫോൺ പരിശോധിച്ചതിലൂടെ ഭർത്താവായ കമൽ രാജുമായുള്ള സംഭാഷണ ശകലവും ലഭിച്ചു. ഭർത്തൃ
മാതാവിന്റെ വാശിയാണ് റീമയെ കുഞ്ഞിനൊപ്പം മരണത്തിലേക്ക് നയിച്ചതെന്നാണ്
സൂചന.അമ്മയുടെ വാക്കു കേട്ട് തന്നെ കുട്ടിയുമായി അവിടെ നിന്ന് ഇറക്കി വിട്ടെന്നാണ് റീമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒന്നര വർഷമായി കുട്ടിയെയും തന്നെയും തിരിഞ്ഞു നോക്കാത്ത ഭർത്താവ് ഇപ്പോള്‍ അമ്മയുടെ വാക്ക് കേട്ട് കുട്ടിക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കുകയാണ്. തന്നോട് പോയി ചാകാൻ പറഞ്ഞതായും, പി.എസ്.സി പരീക്ഷാ ഹാൾ ടിക്കറ്റിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുണ്ട്.ഈ നാട്ടിൽ നീതി കിട്ടില്ല.കൊന്നാലും,ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണ്.ഭർത്തൃമാതാവ് തങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും താൻ പോയാൽ അവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വിദേശത്തു നിന്നെത്തിയ ഭർത്താവുമായി റീമ നടത്തിയ ഫോൺ സംഭാഷണത്തിൽ ,കുട്ടിയെ ഒരു കാരണവശാലും വിട്ടുനൽകില്ലെന്ന് പറയുന്നുണ്ട്. അങ്ങനെ വന്നാൽ താനും കുട്ടിയും മരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. പഴയങ്ങാടി പൊലീസാണ് കേസന്വേഷിക്കുന്നത്. 2015ലാണ് കമൽരാജും റീമയും വിവാഹിതരായത്. കമൽരാജിനും മാതാവ് പ്രേമക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റീമയുടെ പിതാവ് കെ മോഹനനും ബന്ധുക്കളും പഴയങ്ങാടി സി.ഐ എൻ.കെ.സത്യനാഥിന് പരാതി നൽകി.
നേരത്തെയും
പരാതി നൽകി
2024ൽ ഭർത്താവ് കമൽരാജ്(38), അമ്മ പ്രേമ (58) എന്നിവർക്കെതിരെ റീമ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.അന്ന് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് റീമയുടെ കുടുംബത്തിന് പരാതിയുണ്ട്. കമൽരാജിനും പ്രേമയ്ക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ കമൽരാജും പ്രേമയും ഇരിണാവിലെ വീട്ടിലില്ല. മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |