സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശമടങ്ങുന്നതാണ് രാമായണകാവ്യം. കർമ്മധർമ്മങ്ങൾ തമ്മിലുള്ള സംഘർഷാത്മകത രാമായണത്തിലില്ല. ഈ കാവ്യത്തിന്റെ കാലിക പ്രസക്തിക്ക് ആധാരവും ഇതാണ്. നീചയെന്നു പലപ്രാവശ്യം വിശേഷിപ്പിക്കപ്പെടുന്ന കൈകേയിലടക്കം സ്വധർമ്മത്തിലൂന്നിയ കർമ്മാനുഷ്ഠാനത്തിന്റെ വ്യഗ്രതയാണ് കാണുന്നത്. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളിൽ അഗ്രഗണ്യയായി നിലകൊള്ളുന്നത് സീതാദേവിയാണെങ്കിലും ഉൾക്കനത്താൽ വിളങ്ങുന്ന കഥാപാത്രമാണ് സുമിത്ര. ദശരഥ മഹാരാജാവിന്റെ മൂന്നാമത്തെ പത്നിയും അദ്ദേഹത്തിന്റെ ഇളയമക്കളും ഇരട്ടകളുമായ ലക്ഷ്മണ ശത്രുഘ്നന്മാരുടെ മാതാവുമായവൾ. ഫലമിച്ഛിക്കാതെ ഒരു ജന്മം മുഴുവൻ കർമ്മോന്മുഖമാക്കിയവൾ.
രാമായണത്തിലെ ഏറ്റവും ഉത്തമശ്ലോകമായ 'മാം വിദ്ധി' വനവാസത്തിനു പുറപ്പെടുന്ന വേളയിൽ ലക്ഷ്മണന് സുമിത്ര നൽകിയ ഉപദേശമാണ്. എല്ലാ കാലങ്ങളിലും പ്രസക്തിയും പ്രാധാന്യവുമുള്ളതാണത്. ജ്യേഷ്ഠനായ രാമനെ അച്ഛനെപ്പോലെയും സീതയെ അമ്മയെപ്പോലെയും വസിക്കാൻ പോകുന്ന ഇടമായ കാടിനെ ജന്മദേശമായ അയോദ്ധ്യയെപ്പോലെയും കരുതാനുള്ള തിരിച്ചറിവ് നൽകലാണത്.
നിഷ്ഠകളോടെ വളർന്നു പുലർന്നുവന്ന ഒരു യുവാവിന്റെ അടിസ്ഥാനബോധത്തെപ്പോലും ഇളക്കിമറിക്കാൻ പര്യാപ്തമായതാണു ഭാര്യയിൽ നിന്നും നാട്ടിൽനിന്നും അകന്നുമാറിയുള്ള ജീവിതം. എങ്കിലും അച്ഛനമ്മമാരെക്കുറിച്ചുള്ള വിചാരം തീരെ ഇല്ലാതാകുകയുമില്ല. അതുകൊണ്ടുതന്നെ സീതാരാമന്മാരെ ഇപ്രകാരം അഭേദ്യം ചെയ്തുകൊണ്ടുള്ള ചിന്ത മകന് നൽകിയ അമ്മയുടെ പ്രായോഗിക വീക്ഷണം വർത്തമാനകാലത്തു പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നു.
സ്ത്രീയ്ക്കു നൽകണം സ്നേഹാദരം
രാമന്റെ നാമത്തെ എടുത്തുപറയുന്നതും സീതയെ പേരുപറയാതെ ജനകാത്മജയെന്നു സൂചിപ്പിക്കുന്നതും ഉൾക്കാഴ്ചയോടെതന്നെ. ജനക മഹാരാജാവിന്റെ പുത്രിയായിട്ടുള്ളവളെ അമ്മയെപ്പോലെ കാണണമെന്നതിൽ നിന്ന് ആരണ്യമദ്ധ്യത്തിൽപ്പോലും അന്യസ്ത്രീയെ സ്നേഹാദരങ്ങളോടെ സമീപിക്കണമെന്നും സഹായിക്കണമെന്നും ധ്വനിയുണ്ട്. കാടിനെക്കാൾ വന്യത പെരുക്കുന്ന നാടിനുള്ള അവശ്യബോധനമാണിത്. അനാശാസ്യങ്ങളിലേക്ക് കൗമാര യൗവനങ്ങളിൽപ്പെട്ട ആൺമക്കൾ ചെന്നുചാടാതിരിക്കാനുള്ള പെറ്റമ്മമാരുടെ പ്രത്യക്ഷത്തിൽത്തന്നെയുള്ള ഉത്തരവാദിത്വവുമാണിത്.
ഭാര്യയെന്നോ അമ്മയെന്നോ രാജ്ഞിയെന്നോ ഉള്ള അവകാശവാദങ്ങൾ ഉന്നയിക്കുകയോ മകൻ ഏറ്റെടുത്ത കാനനവാസത്തിന്റെ പേരിൽ പൊട്ടിക്കരയുകയോ സപത്നിയുടെ കുബുദ്ധിയിലൂടെ ഭർതൃമരണം സംഭവിച്ചപ്പോൾ പൊട്ടിത്തെറിക്കുകയോ ചെയ്യാത്ത സുമിത്ര പാർശ്വവത്കരിക്കപ്പെട്ട സാധാരണ സ്ത്രീ ജന്മമല്ല. സുശിക്ഷിതയും വ്യക്തിത്വമുള്ളവളുമായ ആധുനിക വനിതയ്ക്ക് മാതൃകയാണ്. അവൾ വിധിവൈപരീത്യങ്ങളിൽ അഭികാമ്യമായതെന്ത്, എന്നുമാത്രം ചിന്തിക്കുന്നു. ഭരതന്റെ നേതൃത്വത്തിൽ ചിത്രകൂടത്തിൽച്ചെന്ന് ശ്രീരാമനെ കാണുമ്പോൾ ലക്ഷ്മണനും രാമനെപ്പോലെ കൗസല്യയെ നമസ്കരിച്ചിട്ടുമാത്രം തന്റെയടുത്തുവരുമ്പോഴും സുമിത്രയിൽ മാറ്റമുണ്ടാകുന്നില്ല. സ്ത്രീയെന്നാൽ സർവംസഹയാകണം എന്നതുകൊണ്ടല്ല ഇത്, വിവേകിയായതുകൊണ്ടത്രേ.
(എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |