കൊച്ചി: കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവങ്ങളുടെ സജീവ രേഖയായ പ്രൊഫ. പി.എസ്. വേലായുധന്റെ ആത്മകഥ 'എന്റെ ജീവിതപഥങ്ങൾ' പുനപ്രസിദ്ധീകരിക്കുന്നു. 27ന് ഉച്ചയ്ക്ക് 2.30ന് എറണാകുളം എസ്.എൻ.വി സദനത്തിലാണ് പുസ്തക പ്രകാശനച്ചടങ്ങ് നടക്കുക.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ പ്രൊഫ. വേലായുധൻ എസ്.ആർ.പി.യുടെ സ്ഥാപക നേതാവുമായിരുന്നു. പ്രമുഖ ചരിത്രകാരനായ അദ്ദേഹത്തിന്റെ നിഷ്പക്ഷവും സത്യസന്ധവുമായ വിശകലനങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രത്യേകത. മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുനഃപ്രസിദ്ധീകരണത്തിന് പിന്നിൽ
പതിപ്പ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത് മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത, മഹാരാജാസ് കോളേജ് ചരിത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ദിപു പി.കെ. എന്നിവരാണ്.
ഡോ. എൽസമ്മ ജോസഫ് അറക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ നവീൻകുമാർ ഡി.ഡി., പി.പി. രാജൻ, പി.വി. സന്തോഷ് കുമാർ, ഡോ. ഉഷ കിരൺ, ഡോ. ശാന്ത ദേവി എന്നിവർ പ്രൊഫ. വേലായുധന്റെ ആത്മകഥയുടെ സാമൂഹികരാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കും. പ്രബോധ പബ്ലിക്കേഷൻസാണ് പ്രസാധകർ.
പുസ്തകത്തിന്റെ ഉള്ളടക്കം
1987ൽ ആദ്യമായി പ്രസിദ്ധീകരിച്ച കൃതിയിൽ കൊച്ചി രാജ്യത്തിന്റെ പരിണാമം, എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങൾ, കോളനിവിരുദ്ധ സമരങ്ങൾ, മഹാരാജാസ് കോളേജിന്റെ ചരിത്രം, കേരളത്തിന്റെ സാമൂഹിക ജീവിതം എന്നിവ സമഗ്രമായി ചർച്ചചെയ്യുന്നു. ഇക്കണ്ട വാര്യർ, പണ്ഡിറ്റ് കറുപ്പൻ, കെ. മാധവൻ, തപസ്വിനി അമ്മ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങളെക്കുറിച്ചും ഗ്രന്ഥത്തിൽ ശ്രദ്ധേയമായ പരാമർശങ്ങൾ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |