മലപ്പുറം: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ചാകരക്കൊയ്ത്ത് തേടി കടലിലിറങ്ങാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. ജൂലായ് 31ന് അർദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്. ബോട്ടുകളുടെ എൻജിൻ പ്രവർത്തനക്ഷമതാ പരിശോധനയും ബോട്ടുകളിലേക്ക് ആവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ. പലരും കടം വാങ്ങിയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തുമാണ് ബോട്ടുകൾ നവീകരിക്കാനുള്ള പണം കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ കുറച്ച് നാൾ കാലാവസ്ഥാ പ്രതിസന്ധി കാരണം കടലിലിറങ്ങാൻ ഇവർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, കൊച്ചിയിൽ കപ്പൽ മുങ്ങി കണ്ടെയ്നർ കടലിൽ വീണതോടെ പലരും മത്സ്യം വാങ്ങാൻ മടിച്ച സാഹചര്യവും ഉണ്ടായിരുന്നു. പിടിച്ച് നിൽക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. മത്സ്യങ്ങളുടെ പ്രജനനകാലം പൂർത്തിയാവുന്നതോടെ മത്സ്യങ്ങൾ ധാരാളമുണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ.
മത്സ്യത്തിന്റെ ലഭ്യതക്കുറവും ഡീസൽ വില വർദ്ധനവും മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം വറുതിയുടെ കാലമായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ചെറുവള്ളങ്ങളിൽ പോയി മീൻപിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. ട്രോളിംഗ് നിരോധനത്തോടെ നാട്ടിൽ പോയവരെല്ലാം തിരികെയെത്താൻ തുടങ്ങിയിട്ടുണ്ട്.
ഹാർബറുകളിലെ ലേലക്കാർ, ചുമട്ട് തൊഴിലാളികൾ, സംസ്‌ക്കരണ ഫാക്ടറികളിലെ പീലിംഗ് തൊഴിലാളികൾ എന്നിവർക്കും ട്രോളിംഗ് കാലയളവിൽ ജോലിയില്ലാത്ത സാഹചര്യമായിരുന്നു.
ചെറുപ്പക്കാർ മത്സ്യബന്ധന മേഖലയിലേക്ക് വരുന്നത് കുറവാണെന്നതിനാൽ ബോട്ടുകളിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. ഞാൻ പോകുന്ന ബോട്ടിലെ 13 പേരിൽ 10 പേരും അന്യ സംസ്ഥാനത്തുള്ളവരാണ്. വരുമാനം കുറവായതിനാൽ യുവാക്കൾ മറ്റ് മേഖലകൾ തേടി പോകുകയാണ്.
ബീരാൻകുട്ടി, മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |