കൊല്ലം: പശുക്കുട്ടിയെ മാത്രം ഉത്പാദിപ്പിക്കുന്ന ലിംഗ നിർണയം നടത്തിയ ബീജം കുത്തിവയ്ക്കുന്ന സെക്സ് സോർട്ടഡ് ബീജപരീക്ഷണം ജില്ലയിൽ വിജയം. ജില്ലയിൽ ഇതുവരെ 20 പശുക്കളിലാണ് ലിംഗ നിർണയം നടത്തിയ ബീജം കുത്തിവച്ചത്. ഇതിൽ പ്രസവിച്ച അഞ്ച് പശുക്കളും ജന്മം നൽകിയത് പ്രതീക്ഷിച്ച പോലെ പശുക്കിടാങ്ങളെ.
പശുക്കിടാങ്ങളെ കൂടുതലായി ഉല്പാദിപ്പിച്ച് പാൽ ഉല്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായാണ് ബീജം കുത്തിവയ്ക്കുന്നത്. ജില്ലയിൽ കടയ്ക്കൽ, നെടുമ്പന, എഴുകോൺ, പരവൂർ ചെറുവയ്ക്കൽ, ചെമ്മക്കാട്, പവിത്രേശ്വരം, ചിതറ, പുത്തൻകുളം കുലശേഖരപുരം, പോരുവഴി, പടിഞ്ഞാറേ കല്ലട, കുളത്തൂപ്പുഴ, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, കുളക്കട, പുത്തൻകുളം, ചിറക്കര എന്നീ മൃഗാശുപത്രികളിലും, വരിഞ്ഞം, അമ്പലംകുന്ന്, പാരിപ്പള്ളി,കലയ്ക്കോട്, പാവുമ്പ , പുത്തൻതെരുവ്, പുലിയൂർവഞ്ചി, കിളികൊല്ലൂർ സബ് സെന്ററുകളിലുമാണ് ജില്ലയിൽ ലിംഗനിർണയം നടത്തിയ ബീജദാനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
പാൽ ഉല്പാദനം ഇരട്ടിയാക്കാം
ബീജം കുത്തിവയ്പ്പ് പരാജയപ്പെട്ടാൽ രണ്ടാമത് സൗജന്യം
ഗർഭധാരണമെത്തിയില്ലെങ്കിൽ തുക തിരികെ
95 ശതമാനം കൃത്യത
അപൂർവമായി കാളക്കുട്ടികൾ പിറന്നേക്കാം
പദ്ധതി വിജയിച്ചാൽ എണ്ണം ഉയരും
കുത്തിവയ്പ്പിന്
₹ 500
ജില്ലയിൽ സൗകര്യം
25 മൃഗാശുപത്രികളിൽ
ജില്ലയിൽ പശുക്കൾ - 71,162
പ്രതിവർഷം പ്രജനന സജ്ജം - 30,000 പശുക്കൾ
പ്രതിവർഷം ജനിക്കുന്നത് - 6000 പശുക്കിടാങ്ങൾ
എന്താണ് സെക്സ് സോർട്ടഡ് ബീജം?
ജനിതക മേന്മയേറിയ കാളകളുടെ ബീജം ശേഖരിച്ച് മൂരിക്കിടാവ് ജനിക്കാൻ സാദ്ധ്യതയുള്ള ക്രോമസോമിനെ നീക്കം ചെയ്ത് സങ്കീർണ്ണ ലബോറട്ടറി സാങ്കേതികവിദ്യയിലൂടെയാണ് പശുക്കിടാവിന് ജന്മം നൽകുന്ന ബീജ മാത്രകൾ സൃഷ്ടിക്കുന്നത്. കുറഞ്ഞത് 10 ലിറ്റർ പാലെങ്കിലും തരുന്ന പശുക്കളിലാണ് ആദ്യ പരീക്ഷണം. വിദേശ സാങ്കേതികവിദ്യയിൽ നിർമ്മിതമായ ബീജ മാത്രകൾ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് വഴിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്.
നിലവിലെ കണക്ക് പ്രകാരം പ്രസവിക്കുന്നതിൽ പകുതിയലധികം മൂരിക്കിടങ്ങളാണ്. പദ്ധതി വിജയിച്ചാൽ മൂന്നുവർഷം കൊണ്ട് ജില്ലയിലെ പാൽ ഉല്പാദനം ഇരട്ടിയിലധികമാകും.
ഡോ. ഡി.ഷൈൻകുമാർ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |