തൃശൂർ: മഴയിലും മിന്നൽച്ചുഴലിയിലും ജില്ലയിലെ പല ഭാഗങ്ങളിലും വൻ നാശം. തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ പട്ടത്തവളപ്പിൽ ഭാസ്കരന്റെ വീടിനു മുകളിലേക്ക് തേക്കുമരം വീണ് വീട് ഭാഗികമായി തകർന്നു. ചേലക്കോട് സൂപ്പിപ്പടിയിൽ സുന്ദരി കൃഷ്ണൻകുട്ടി എന്നയാളുടെ വീട്ടിലേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. എടതിരിഞ്ഞി വില്ലേജിൽ ചിറയത്ത് വിക്ടോറിയ റോഷിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്നു. മണലൂർ വില്ലേജിൽ കിഴക്കൂട്ട് ഗംഗാദേവിയുടെ വീടിനുമുകളിൽ പ്ലാവ് വീണു ഭാഗികമായി തകർന്നു. ചാവക്കാട് ചേമത്ത് ശ്രീനിവാസന്റെ വീടിനുമുകളിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞുവീണു. മുകുന്ദപുരം താലൂക്കിലെ പടിയൂർ വില്ലേജിൽ പെരുക്കുട്ടിക്കാട്ടിൽ സഞ്ജയുടെ വീടിന്റെ ടെറസിന് മുകളിൽ മരം വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തൃശൂർ താലൂക്കിൽ കുറുമ്പിലാവ് വില്ലേജിലെ കാറ്റിൽപഴുവിൽ ജവഹർ റോഡിൽ പുലിക്കോട്ടിൽ റാഫേലിന്റെ വീടിന് മുകളിലും മണലൂർ ഷൈനിയുടെ വീടിന് മുകളിലും കൊടുങ്ങല്ലൂർ താലൂക്കിൽ പുളിമുട്ടം വില്ലേജിൽ അഷറഫിന്റെ വീടിനുമുകളിലും മരം വീണു.
ദുരിതാശ്വാസ ക്യാമ്പുകൾ
നിലവിൽ കൊടുങ്ങല്ലൂരിലെ മേത്തല കമ്മ്യൂണിറ്റി ഹാൾ, ചേർപ്പ് ഗവൺമെന്റ് ജെ.ബി സ്കൂൾ, ചേർപ്പ് ജി.വി.എച്ച്.എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ക്യാമ്പുകളിലുമായി 33 കുടുംബങ്ങളുണ്ട്. 132 പേരാണ് ക്യാമ്പിൽ കഴിയുന്നത്.
പടിയൂരിൽ മിന്നൽച്ചുഴലി, വൻ നാശം
ഇരിങ്ങാലക്കുട: പടിയൂരിൽ ശനിയാഴ്ച രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടിന്റെ മുകൾവശം പറന്നുപോയി. പ്രദേശത്ത് വ്യാപക നാശവുമുണ്ടായി. പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ തറയിൽ റോഡിന് സമീപമുള്ള ചിറയത്ത് ബിജോയിയുടെ വീടിന്റെ ജി.ഐ ഷീറ്റിട്ട മേൽക്കൂരയാണ് കനത്ത കാറ്റിൽ പറന്നുപോയത്. രാവിലെ 6.30 ഓടെയാണ് സംഭവം. 1500 ചതുരശ്ര അടി വരുന്ന ഇരുമ്പ് ഷീറ്റാണ് കാറ്റത്ത് മുഴുവനായും പറന്നുപോയത്. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വീട്ടിലെ വയറിംഗും ഇലക്ട്രോണിക് വസ്തുക്കൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
പടിയൂർ പടിയൂർ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കുഭാഗം അഞ്ച്, ആറ് വാർഡുകളിലും കാറ്റ് നാശം വിതച്ചു. അഞ്ചാം വാർഡിൽ കുരുട്ടിക്കാട്ടിൽ സഞ്ജയിന്റെ വീടിന് മുകളിൽ ട്രസ് കാറ്റിൽ മറിഞ്ഞുവീണു. അന്നപൂർണേശ്വരി റോഡിന് സമീപം വൻമരം കടപുഴകി വീടിനു മുകളിൽ വീണു. ചാരുന്തറ ആനന്ദിന്റെ വീടിനു മുകളിലാണ് സമീപത്തെ വലിയ പുളിമരം കടപുഴകി വീണത്.
എലഞ്ഞിക്കോട്ട് മോഹനന്റെ വീട്ടിലെ പത്തോളം ജാതി മരങ്ങളും കനത്ത കാറ്റിൽ ഒടിഞ്ഞ് വീണു. പടിയൂർ മേഖലയിൽ വിവിധയിടങ്ങളിലും കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വൈദ്യുതി ബന്ധങ്ങളും പ്രദേശത്ത് തകരാറിലായിട്ടുണ്ട്.
മലക്കപ്പാറയിൽ മരം വീണു, ഗതാഗതം തടസപ്പെട്ടു
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ മരം വീണ് രണ്ടു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. മലക്കപ്പാറ വ്യൂ പോയിന്റിന് സമീപത്തായിരുന്നു രാവിലെ വലിയ മരം റോഡിലേക്ക് വീണത്. ഇതോടെ ഇരുവശത്തുമായി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പിന്നീട് കൊല്ലതിരുമേട്, ഷോളയാർ സ്റ്റേഷനുകളിൽ നിന്നും എത്തിയ വനപാലകർ മരം മുറിച്ചുമാറ്റി. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നാണ് മരം വീണത്.
പോട്ടയിൽ മിന്നൽച്ചുഴലി
ചാലക്കുടി: പോട്ടയിലും മിന്നൽച്ചുഴലി.കാർഷിക വിളകൾ നശിച്ചു. പോട്ട ജംഗ്ഷനിലെ എലുവത്തിങ്കൽ രാമകൃഷ്ണന്റെ വീട്ടുപറമ്പിലെ തെങ്ങ്, ജാതി,തേക്ക്,കവുങ്ങുകൾ എന്നിവ നിലം പതിച്ചു. തെങ്ങ് വീണ് തൊട്ടടുത്ത ജ്യേഷ്ഠൻ എലുവത്തിങ്കൽ കുട്ടപ്പന്റെ കെട്ടിടത്തിന്റെ പൈപ്പ് ലൈനുകൾ തകർന്നു. ഇന്നലെ രാവിലെയായിരുന്നു മിന്നൽച്ചുഴലി.
കാറ്റും മഴയും മേലൂരിൽ നാശം
മേലൂർ: കനത്ത മഴയിലും കാറ്റിലും മേലൂരിൽ വൻ നാശനഷ്ടം. മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ പൂലാനിയിൽ ജാതിമരം കടപുഴക്കി വീണ് ഗതാഗതം തടസപ്പെട്ടു. പൂലാനി വി.ബി.യു.പി സ്കൂളിനു സമീപം വെണ്ണയ്ക്ക സിജുവിന്റെ വീട്ടിലെ 40 വർഷം പഴക്കമുള്ള ജാതി മരമാണ് വീണത്. ചാലക്കുടിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. പൂലാനി നിലംപതി ജംഗ്ഷനിലെ കുവ്വക്കാടൻ സുബ്രഹ്മണ്യന്റെ ബിൽഡിംഗിലെ മേൽക്കൂരയുടെ ഷീറ്റ് പറന്നു പോയി. ആളപായമില്ല.
തെങ്ങ് കടപുഴകി
കുറ്റൂർ: പോട്ടോർ കോഴിക്കുന്നിൽ തെങ്ങ് കടപുഴകി റോഡിലേക്ക് വീണു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. റോഡിലൂടെ സഞ്ചരിച്ചിരുന്ന കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേഖലയിൽ ഭാഗികമായി ഗതാഗതവും വൈദ്യുതി വിതരണവും ഇന്റർനെറ്റ് സേവനവും തടസപ്പെട്ടു.
മരം വീണു
ചിറ്റിലപ്പിള്ളി: അടാട്ട് പഞ്ചായത്ത് നാലാം വാർഡിൽ കുണ്ടുകുളം അങ്കണവാടിയുടെ മുൻവശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം വീണ് ഇലക്ട്രിക്പോസ്റ്റ് ഒടിഞ്ഞു. കെ.എസ്.ഇ.ബി അധികൃതരും വാർഡ് മെമ്പർ സോണി തരകനും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു.
മുൻകരുതൽ എടുക്കണമെന്ന് കളക്ടർ
തൃശൂർ: ജില്ലയിൽ മഴ തുടരുന്നതിനാൽ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ പോലുള്ള കാര്യങ്ങളിൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. മഴക്കാലത്ത് ബസുകൾ അമിത വേഗതയിൽ സ്റ്റോപ്പുകളിൽ നിറുത്താതെ പോകുന്നതിന് പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് ആർ.ടി.ഒ യ്ക്ക് യോഗം നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജിലേക്ക് രാത്രികാലങ്ങളിൽ അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്താമെന്ന് ബസ് ഉടമകൾ സമ്മതിച്ചതായി അറിയിച്ചു. പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തെ താത്കാലിക ബസ് ഷെൽട്ടറിന്റെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി. യോഗത്തിൽ എം.എൽ.എമാരായ കെ.കെ രാമചന്ദ്രൻ, എൻ.കെ അക്ബർ, യു.ആർ പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, ബെന്നി ബെഹനാൻ എം.പി എന്നിവരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫീസർ ടി.വി ഷാജു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |