കൊച്ചി: ജില്ലയിൽ ലഹരിവേട്ട ശക്തമാക്കി എക്‌സൈസ്. അഞ്ച് മാസത്തിനിടെ 591 പേരെ അറസ്റ്റ് ചെയ്തു. 598 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരിവ്യാപനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ നേർസാക്ഷ്യമായി കണക്കുകൾ. ദിനംപ്രതി വർദ്ധിച്ചുവരുന്ന ലഹരി ഇടപാടുകളുടെ വേരറുക്കാൻ എക്‌സൈസ് പുതുവർഷം മുതൽ കച്ചകെട്ടിയിറങ്ങുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ മുതൽ വിദ്യാർത്ഥികൾ വരെ നീളുന്നതാണ് പ്രതിപ്പട്ടിക. വ്യാപക പരിശോധനയിൽ 311.259 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവെത്തുന്നത്. കൊച്ചിയിലടക്കം കഞ്ചാവിന് ആവശ്യക്കാർ ഏറിയതോടെയാണ് വരവ് വർദ്ധിച്ചതെന്നാണ് കരുതുന്നത്. വിവിധ കോഡുകൾ ഉപയോഗിച്ചും സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് ലഹരി കൈമാറ്റം. ഈ മാസം 18ന് ജയിലിൽ നിന്നിറങ്ങിയ ആൾ ഒമ്പത് കിലോ കഞ്ചാവുമായി വീണ്ടും എക്‌സൈസ് പിടിയിലായിരുന്നു. വടുതല സ്വദേശി ജിബിൻ ജോണിയെയാണ് (35) എറണാകുളം എക്‌സൈസ് വടുതല പാലം റോഡിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ഇയാൾ ആദ്യം അറസ്റ്റിലായത്. ഒരുമാസത്തിനിടെ ജില്ലയിൽ പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ ഒട്ടുമിക്കവയും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടാണ്. 671 അബ്കാരി കേസുകളിലായി 661പേരെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
48 കഞ്ചാവ് ചെടി
രഹസ്യമായി നട്ടുവളർത്തിയ 48 കഞ്ചാവ് ചെടിയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് 5 മാസത്തിനിടെ എക്‌സൈസ് കണ്ടെടുത്തത്. മേയ് 16ന് ആലുവ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം മെട്രോ പില്ലർ 87ന് താഴെയാണ് ഒടുവിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. 63 സെന്റിമീറ്റർ ഉയരമുള്ളതായിരുന്നു കഞ്ചാവ് ചെടി. മറ്റൊരു ചെടിക്കിടയിലായിരുന്നു ഇത്.
ലഹരിവസ്തുക്കൾ - അളവ്
• കഞ്ചാവ് - 311.259
• എം.ഡി.എം.എ- 240.561 ഗ്രാം
• ഹെറോയിൻ- 208.265 ഗ്രാം
• വിദേശ മദ്യം -1676 ലിറ്റർ
• വാഷ് -1058 ലിറ്റർ
• മെത്താംഫിറ്റമിൻ- 4.666 ഗ്രാം
• ഹാഷിഷ് ഓയിൽ- 41.922 ഗ്രാം
• കഞ്ചാവ് ചെടി -48
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |