കൊല്ലം: സ്വകാര്യ ക്ളിനിക്കിൽ വനിത ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെയാണ് (24) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ കടയ്ക്കൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31വരെ ഇടക്കാല ജാമ്യം അനുവദിച്ചു വിട്ടയച്ചു. പത്തനാപുരം മജിസ്ട്രേട്ട് അവധിയിലാണ്. 31ന് പത്തനാപുരം കോടതിയിൽ കേസ് പരിഗണിക്കും. 26ന് വൈകിട്ട് 6.30ന് പത്തനാപുരം കല്ലുംകടവിലെ ദന്താശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി അടച്ച് വീട്ടിൽ പോകാൻ തുടങ്ങിയ ഡോക്ടറെ കൈയേറ്റം ചെയ്തെന്നാണ് പരാതി. ഡോക്ടർക്ക് പരിക്കുണ്ട്. പൊലീസ് 329 (3), 126 (2), 74 വകുപ്പുകൾ പ്രകാരം കേസെടുത്തു.
അമ്മയെ ദന്ത ചികിത്സയ്ക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. പത്തനാപുരം പൊലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകും.
പ്രതിക്ക് ജാമ്യം?
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം കേസെടുത്താൽ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവർഷം തടവ്, 50,000 രൂപ പിഴ എന്നിവയാണ് ശിക്ഷ. എന്നിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |