കൊല്ലം: കപ്പക്കൃഷി (മരച്ചീനി) ഉത്പാദനത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നാം സ്ഥാനം പിഴുതെടുത്ത് ജില്ല!. 10,488 ഹെക്ടറിൽ 3.91 ലക്ഷം ടൺ കപ്പ ഉത്പാദിപ്പിച്ചാണ് കൊല്ലത്തിന്റെ നേട്ടം. ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി.
ചെറുകിട കർഷകർ മുതൽ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ വരെ കളത്തിലുണ്ട്. ഒരു ഹെക്ടർ കൃഷിയിൽ ഒന്ന് മുതൽ രണ്ടുലക്ഷം രൂപ വരെയാണ് ലാഭം. എച്ച് 165, എം 4, ശ്രീഹർഷ, ശ്രീവിജയ, ശ്രീ വിശാഖം എന്നിവയാണ് പ്രധാന ഇനങ്ങൾ. സങ്കരയിനം മരച്ചീനിയായ എച്ച് 165 എട്ട് മുതൽ ഒൻപത് മാസത്തിനുള്ളിൽ വിളവെടുക്കാം. 33 മുതൽ 38 ടൺ വരെയാണ് ഹെക്ടറിൽ ലഭിക്കുന്ന വിളവ്. എം 4 പത്ത് മാസത്തിനുള്ളിൽ വിളവെടുക്കാം. ശ്രീഹർഷ പത്തുമാസത്തിനുള്ളിൽ പാകമാകും. ഒരു ഹെക്ടറിൽ നിന്ന് 35 മുതൽ 40 ടൺ വരെ ലഭിക്കും. ശ്രീ വിജയ 25 മുതൽ 28 ടൺ വരെ കപ്പ ഒരു ഹെക്ടറിൽ നിന്ന് നൽകും. അത്യുത്പാദന ശേഷിയുള്ളതും പത്തുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതുമായ ഇനമാണ് ശ്രീവിശാഖം. 35 മുതൽ 36 ടൺ വരെ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
കിഴങ്ങിലും കുതിപ്പ്
2,835 ഹെക്ടറിലാണ് ചേന, ചേമ്പ്, കാച്ചിൽ, കൂവ, മധുരക്കിഴങ്ങ്, നനകിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നത്. ശ്രീകീർത്തി, ശ്രീരൂപ, ശ്രീപ്രിയ എന്നീ ഇനങ്ങളിലുള്ളവയാണ് ചേനവർഗങ്ങൾ. കുറഞ്ഞ ചെലവും നല്ലവരുമാന സാദ്ധ്യതയുമുള്ള ചേമ്പിനങ്ങളായ താമരച്ചേമ്പ്, മഞ്ഞപ്പൻ, ശ്രീരശ്മി തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. പുനലൂർ, കൊട്ടാരക്കര, അഞ്ചൽ, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിലാണ് ശ്രീരൂപ, ലോക്കൽ പർപ്പിൾ എന്നീ കാച്ചിൽ ഇനങ്ങൾ കൃഷി ചെയ്യുന്നത്.
ഭൂപ്രകൃതിയുടെ പ്രത്യേകത
വെട്ടുകൽ മണ്ണ്
നീർവാർച്ചയുള്ള മണ്ണ്
അനുകൂല കാലാവസ്ഥ
മൂല്യവർദ്ധിത ഉത്പന്നങ്ങൾ
ചിപ്‌സ്
മാവ്
സ്റ്റാർച്ച്
പായസം മിക്‌സ്
ബേക്കറി ഉത്പന്നങ്ങൾ
അനിമൽ ഫീഡ്
കപ്പപ്പൊടി
കപ്പമുറുക്ക്
കപ്പ ഉപ്പേരി
ചേന അട
റെഡി ടു കുക്ക് ചേന
വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയംതൊഴിൽ അവസരവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും ഉറപ്പാക്കുന്നു. മരച്ചീനി കർഷകരെ സഹായിക്കാൻ കൃഷിവകുപ്പിന്റെ സബ്‌സിഡിയുമുണ്ട്. കുടുംബശ്രീ പരിശീലനത്തോടൊപ്പം സാമ്പത്തിക പിന്തുണയും നിർമ്മാണ പരിശീലനവും നൽകുന്നു.
എം.എസ്. അനീസ,
ജില്ലാ കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |