നെയ്യാറ്റിൻകര: കലാ-കായിക വിനോദങ്ങൾക്കായി ഗ്രാമങ്ങളിൽ അരങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് ഹാപ്പിനസ് പാർക്ക്.നിലമേൽ-മണലൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന കാവുവിള പാലത്തിന് സമീപമാണ് പാർക്കിന്റെ നിർമാണം. നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി നഗരസഭ ഒരുക്കുന്ന പാർക്കിന്റെ നിർമ്മാണത്തിനും വൈദ്യുതീകരണത്തിനുമായി 22 ലക്ഷംരൂപ ചെലവഴിച്ചിട്ടുണ്ട്. വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വൈദ്യുത കണക്ഷൻ ഉടനെ ലഭ്യമാകും.
പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.ആഗസ്റ്റ് ആദ്യവാരം പൊതുജനങ്ങൾക്കായി പാർക്ക് തുറന്നു നൽകാനാകുമെന്ന് നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ പറഞ്ഞു.
വയോജന പാർക്ക് എന്ന തരത്തിലാണ് നിർമ്മാണമെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും പാർക്ക് പ്രയോജനപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ടാവില്ല. തണൽമരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പാർക്കിന് കൂടുതൽ ആകർഷകത്വം നൽകുന്ന തരത്തിലാണ് പാർക്കിന്റെ നിർമ്മാണം.
പെരുമ്പഴുതൂർ ജംഗ്ഷനിലും മൂന്നുകല്ലിൻ മൂട് ഭാഗത്തും മുൻസിപ്പൽ സ്റ്റേഡിയത്തിലും ഇത്തരത്തിൽ പൊതുയിടങ്ങൾ തയ്യാറായി വരുന്നു.
'സുകൃതം' പദ്ധതി
ഹാപ്പിനസ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മാസത്തിലൊരിക്കൽ വയോജനങ്ങൾക്ക് ഇവിടെ ഒത്തുകൂടാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും ഉതകുന്ന 'സുകൃതം' എന്ന പദ്ധതിയും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.
വികസനം പുരോഗമിക്കുന്നു
2023 ജൂലായിലാണ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കാവുവിളപാലം മുതൽ നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മനോഹരമായ പാർക്ക്, പ്രഭാത സവാരിക്കുള്ള നടപ്പാത, ഓപ്പൺ ജിം, കുട്ടികൾക്കുള്ള കളിസ്ഥലം, വിശ്രമ ഇരിപ്പിടങ്ങൾ, പൂന്തോട്ടം, തുറസ്സായ സംവാദ കേന്ദ്രം എന്നിവ ഉൾപ്പെടുത്തി വികസനം പുരോഗമിക്കുന്നു.
കഫറ്റീരിയ ഉടൻ ആരംഭിക്കും
റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് ഉപയോഗിച്ച് നടപ്പാതകൾ ഭംഗിയാക്കി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും പ്രയോജനപ്രദമായ രീതിയിൽ പ്ലാറ്റ്‌ഫോമുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. പാർക്കിനോട് ചേർന്നുള്ള കഫറ്റീരിയയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |