കൊല്ലം: ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതിലെ മനോവിഷമമെന്ന് പൊലീസ്. ചെറിയ വെളിനല്ലൂർ കോമൺപ്ളോട്ട് ചരുവിള പുത്തൻവീട്ടിൽ സതീശൻ - അംബിക ദമ്പതികളുടെ മകൾ അഞ്ജന സതീശനാണ് (21) മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിന് ആൺസുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓയൂർ റോഡുവിളയിലെ സ്‌കൂളിൽ ഒന്നിച്ചു പഠിച്ചപ്പോഴാണ് നിഹാസും അഞ്ജനയും അടുപ്പത്തിലായത്. അഞ്ചുമാസം മുമ്പ് ഇവർ ഒളിച്ചോടി. അഞ്ജനയുടെ ബന്ധുക്കളുടെ പരാതിയിൽ പൂയപ്പള്ളി പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ നിഹാസിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അഞ്ജന കോടതിയിൽ അറിയിച്ചു. തുടർന്നാണ് നിഹാസിന്റെ വീട്ടിൽ താമസിച്ചത്.
ഒരാഴ്ച മുമ്പ് നിഹാസ് അഞ്ജനയ്‌ക്ക് ഫോൺ വാങ്ങിക്കൊടുത്തിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ വർക്ക് ഫ്രം ഹോം ജോലി തെരഞ്ഞപ്പോൾ അഞ്ജനയ്‌ക്ക് അനാവശ്യ കമന്റുകൾ വന്നു. ഇക്കാര്യം നിഹാസിനോട് പങ്കുവച്ചു. സ്വകാര്യബസ് കണ്ടക്ടറായ നിഹാസ് ചൊവ്വാഴ്ച ജോലി കഴിഞ്ഞ് രാത്രി ഏഴിന് എത്തിയെങ്കിലും കൂട്ടുകാരന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് പോയി. അർദ്ധരാത്രി തിരിച്ചുവന്നയുടൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. എന്നാൽ തർക്കമുണ്ടായില്ലെന്നാണ് നിഹാസ് പൊലീസിനോട് പറഞ്ഞത്.
ജീവനൊടുക്കിയത് പ്രഗ്നൻസി പരിശോധന ദിവസം
സംഭവദിവസം രാവിലെ നിഹാസ് അഞ്ജനയെയും കൂട്ടി പ്രഗ്നൻസി പരിശോധനയ്‌ക്ക് ആശുപത്രിയിൽ പോകാനിരുന്നതാണ്. പുലർച്ചെ വീട്ടിൽ നിന്ന് പോയി ബസിൽ പകരക്കാരനെ ചുമതലയേൽപ്പിച്ച ശേഷം രാവിലെ എട്ടിന് തിരിച്ചെത്തിയപ്പോഴാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കേസിൽ ചടയമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹാസിന്റെ മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |