മലപ്പുറം: സംസ്ഥാന സ്‌പോർട്സ് കൗൺസിലിലെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകനെതിരായ പോക്‌സോ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് രണ്ട് വിദ്യാർത്ഥിനികളുടെയും മൊഴിയെടുക്കും.പരിശീലകൻ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്നാണ് പരാതി.തൃശൂരിൽ കായികമത്സരത്തിന് പോയ വിദ്യാർത്ഥിനികൾ തിരികെ എത്തിയാലുടൻ മൊഴിയെടുക്കും.പ്രായപൂർത്തിയാവാത്തപ്പോൾ പരിശീലനത്തിനും മത്സരത്തിനും കൊണ്ടുപോകുന്നതിനിടെ നിഷാഖ് മോശമായി പെരുമാറി.രാത്രി 10.30ന് ശേഷം വീഡിയോ കോൾ ചെയ്യും.എടുത്തില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നും ടീമിൽ സെലക്ഷൻ നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും.മത്സരിക്കാനുള്ള അവസരങ്ങൾ നൽകാമെന്ന് പറഞ്ഞും ചൂഷണം ചെയ്തതായി പരാതിയിലുണ്ട്.
നിഷാഖിനെതിരെ വിദ്യാർത്ഥിനികൾ ജൂണിൽ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന് നൽകിയ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു. കോട്ടക്കൽ പൊലീസിനോട് റിപ്പോർട്ട് തേടിയെങ്കിലും പൊലീസ് തുടർ നടപടിയെടുത്തില്ല.കുട്ടികളോട് പരാതിയിൽ നിന്ന് പിന്മാറാനും പരാതിയില്ലെന്ന് എഴുതി നൽകാനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.തുടർന്ന് മറ്റൊരു വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലക തുടർ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തേഞ്ഞിപ്പലം പൊലീസിലേക്ക് കേസ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |