കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് വീണ്ടും കോടതിയെ സമീപിച്ചു. താൻ നൽകിയ കേസിൽ പ്രതിചേർക്കപ്പെട്ട ഭാരവാഹികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്.
ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയപ്പോൾ തുറിച്ചുനോക്കിയെന്നും അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ അടക്കം 4 ഭാരവാഹികൾക്കെതിരെ നേരത്തേ സാന്ദ്ര പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും പ്രതിചേർക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇവർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് സാന്ദ്രയുടെ പുതിയ ആരോപണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ താൻ നൽകിയ കേസ് വിശദീകരിച്ചിട്ടുണ്ട്. ഇത് ജാമ്യവ്യവസ്ഥയുടെ സംഘനമാണെന്നാണ് ആരോപണം. ഹർജിയിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. 7ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |