തിരുവനന്തപുരം: 800 രൂപയ്‌ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ചില്ലുകുപ്പി നിർബന്ധമാക്കി സർക്കാർ. പ്ളാസ്റ്റിക് കുപ്പി മദ്യത്തിന് മാലിന്യസംസ്‌കരണ ഡെപ്പോസിറ്റായി 20 രൂപ അധികം നൽകണം. ഫുൾ ബോട്ടിൽ മുതൽ ക്വാർട്ടർ വരെയുള്ള കുപ്പിക്ക് 20 രൂപ അധികം നൽകണം. ക്ളീൻ കേരള കമ്പനിയുമായി സഹകരിച്ചാണിത് പദ്ധതി നടപ്പാക്കുക.
കാലി പ്ളാസ്റ്റിക് കുപ്പി സ്റ്റിക്കറിളക്കാതെ വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ തിരിച്ചു കിട്ടും. സ്വകാര്യസംരംഭകരുടെ സഹകരണത്തോടെയാണ് കുപ്പി സമാഹരണം. സെപ്തംബർ മുതൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും പിന്നാലെ മറ്റിടങ്ങളിലും ഇത് നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏത് ഔട്ട്‌ലെറ്റിൽ കുപ്പി കൊടുത്താലും പണം കിട്ടുന്ന പദ്ധതി നടപ്പാക്കുന്നതും പരിശോധിക്കും. തമിഴ്നാട്ടിലെ മാതൃകയാണ് നടപ്പാക്കുന്നത്. ഇതിനായി ബെവ്‌കോ, ക്ലീൻ കേരളം കമ്പനി, എക്‌സൈസ്, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചെന്നും മന്ത്രി പറഞ്ഞു.
ഒരു വർഷം 70 കോടി പ്ളാസ്റ്റിക് കുപ്പി
സംസ്ഥാനത്ത് ഒരുവർഷം 70 കോടി പ്ളാസ്റ്റിക് മദ്യക്കുപ്പികളാണ് വിൽക്കുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക, മാലിന്യ പ്രശ്നത്തെ തുടർന്നാണ് തീരുമാനം. 900 രൂപയ് മുകളിൽ വിലയുള്ള മദ്യം വിൽക്കാൻ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങും. നിലവിലെ പ്രീമിയം ഔട്ട്ലെറ്റിന് പുറമേയാണിത്. തൃശൂരിൽ ആഗസ്റ്റ് അഞ്ചിന് ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുറക്കും. സൂപ്പർ മാർക്കറ്റ് മാതൃകയിൽ സെൽഫ് സർവീസ് രീതിയിലായിരിക്കും 4000 ചതുരശ്ര അടിയിലുള്ള ഔട്ട്ലെറ്റുകൾ പ്രവർത്തിക്കു. തിരുവനന്തപുരം, കൊച്ചി തുടങ്ങി നാലിടങ്ങളിൽ കൂടി ഇതാരംഭിക്കും. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുത്തു. ഔട്ട്‌ലെറ്റുകളിലെ ക്യൂ കുറച്ച് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |