തിരുവനന്തപുരം: ഇനിമുതൽ നികുതി നോട്ടീസ് കിട്ടിയാൽ, വിവിധ ഓഫീസുകൾ കയറിയിറങ്ങുകയോ, കൈക്കൂലിയോ മറ്റ് വാഗ്ദാനങ്ങളോ നൽകുകയോ ചെയ്യേണ്ടതില്ല. ആരും വിളിച്ച് ശല്യപ്പെടുത്തുകയുമില്ല. രാജ്യത്താദ്യമായി സംസ്ഥാനത്ത് ജി.എസ്.ടി.ഓഫീസിൽ 'ഫെയ്സ് ലെസ് അഡ്‌ജുഡിക്കേഷൻ' നടപ്പാക്കി. പൂർണമായും ഡിജിറ്റൽ രീതിയിലുള്ള സംവിധാനത്തിലേക്കാണ് പുതിയ മാറ്റം.
നിലവിൽ ജി.എസ്.ടി.യിൽ നിന്ന് ഷോക്കോസ് നോട്ടീസുമായി വ്യാപാരി അതത് ജി.എസ്.ടി.ഓഫീസിൽ പോയി ബന്ധപ്പെട്ട ഓഫീസറുമായി സംസാരിച്ച് അദ്ദേഹം പറയുന്ന മറ്റ് ദിവസങ്ങളിൽ രേഖകളുമായി എത്തേണ്ടിയിരുന്നു. അതേ ഉദ്യോഗസ്ഥന് കാര്യങ്ങൾ ബോധിച്ചാൽ മാത്രമായിരുന്നു അന്തിമ തീരുമാനം. എന്നാൽ പുതിയ സംവിധാനത്തിൽ സ്ഥിതി മാറും.
വ്യാപാരികൾക്ക് സമയലാഭം, നേട്ടം
ഷോക്കോസ് നോട്ടീസ് കിട്ടിയാൽ, ബന്ധപ്പെട്ട രേഖകൾ ഒരു കോമൺ പോർട്ടലിൽ മറുപടി സഹിതം അപ്ലോഡ് ചെയ്യണം. അത് ജി.എസ്.ടി. അധികൃതർ പരിശോധിച്ച് അന്നന്ന് ലഭ്യമായിട്ടുള്ള ഏതെങ്കിലും ഓഫീസറെ കൂടുതൽ പരിശോധനകൾക്കായി ഏൽപ്പിക്കും. വേറെ എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ അതും ജി.എസ്.ടി.യുടെ കോമൺ പോർട്ടലിൽ അയക്കാം. അവ പരിശോധിക്കുന്നത് അതത് ദിവസം ലഭ്യമായിട്ടുള്ള മറ്റേതെങ്കിലും ജി.എസ്.ടി. ഉദ്യോഗസ്ഥനാണ്. ഇതെല്ലാം പരിശോധിച്ച് അന്തിമ തീരുമാനം പറയുന്നത് മറ്റേതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും. ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ ഒരു പാനലിൽ നിന്ന് അതത് ദിവസം ലഭ്യമായിട്ടുള്ളവർക്ക് ഇത്തരം ജോലികൾ ഏൽപിച്ചുനൽകും. അതോടെ ഏതെങ്കിലും വ്യാപാരിയോട് പ്രത്യേക താത്പര്യം ഇല്ലാതാകും. വ്യാപാരികൾക്ക് സമയനഷ്ടവുംഉണ്ടാകില്ല. ജി.എസ്.ടി. ഓഫീസിൽ ഇതിനായി പോകേണ്ടിയും വരില്ല. ആവശ്യമുണ്ടെങ്കിൽ വെർച്വൽ ഹിയറിംഗും നടത്തും. പരീക്ഷണാർത്ഥം ഈ മാസം മുതൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |