തൃശൂർ: സർക്കാർ സ്‌കൂളിന്റെ സീലിംഗ് തകർന്ന് വീണു. തൃശൂർ കോടാലിയിലെ യുപി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ അവധി ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സീലിംഗ് പൂർണമായും തകർന്ന് നിലത്ത് വീണ നിലയിലാണ്.
ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജിപ്‌സം ബോർഡാണ് തകർന്ന് വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് ആണ് തകർന്നത്. 54 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 2023ൽ ചെയ്‌ത സീലിംഗാണിത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും പൂർണമായി തകർന്നു. ഇതിന്റെ പല ഭാഗങ്ങളും നിലത്ത് ചിതറി കിടക്കുകയാണ്.
സംഭവത്തിന് പിന്നാലെ പൊതുപ്രവർത്തകരും രക്ഷിതാക്കളും ഉൾപ്പെടെ സ്‌കൂളിലെത്തി. അശാസ്‌ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്‌ത് സീലിംഗ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്‌കൂൾ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി.
സുരക്ഷാ പരിശോധന ഇടയ്‌ക്കിടെ നടത്താറുണ്ട്. മരപ്പട്ടിയുടെ ശല്യം ഉണ്ടായിരുന്നു. മരപ്പട്ടി ഓടിയതാകാം സീലിംഗ് പൊളിയാൻ കാരണമെന്നാണ് സ്‌കൂളിലെ അദ്ധ്യാപകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |