ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യക്ക് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പുതിയ താരിഫ് 27 മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം ഡൊൺൾഡ് ട്രംപിന്റെ നടപടി അന്യായവും നീതീകരിക്കാൻ കഴിയാത്തതും യുക്തി രഹിതവുമാണെന്ന് ഇന്ത്യ. പ്രതികരിച്ചു. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യം. രാജ്യതാല്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺവീർ ജയ്സ്വാൾ അറിയിച്ചു.
യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് യു.എസിനെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് യു.എസ് 25 ശതമാനം താരീഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 31ന് ചൈനയിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |