വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യത്തെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി.
യുക്രെയിൻ യുദ്ധ പരിഹാരത്തിന് ഈ മാസം 15ന് അലാസ്കയിൽ ((യു.എസിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം) വച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തുമെന്നും, കരാറിലെത്താൻ ചില പ്രദേശങ്ങൾ കൈമാറേണ്ടി വന്നേക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞു. പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. യുക്രെയിനുമായി ആലോചിക്കാതെ ഒരു തീരുമാനവും ആർക്കും എടുക്കാനാകില്ലെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. 2021ന് ശേഷം ആദ്യമായാണ് റഷ്യ-യു.എസ് പ്രസിഡന്റുമാർ കൂടിക്കാഴ്ചയ്ക്കെത്തുന്നത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറിന്റെ വക്കിലെത്തിയെന്ന് ട്രംപ് പറയുന്നു.
അതേസമയം, യുക്രെയിൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കൈവരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റഷ്യ പ്രതികരിച്ചു. തങ്ങൾ പിടിച്ചെടുത്ത യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ വിട്ടുനൽകില്ലെന്നും, യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. പുട്ടിനും ട്രംപും സെലെൻസ്കിയും ചേർന്നുള്ള ചർച്ച യു.എസ് നിർദ്ദേശിച്ചെങ്കിലും റഷ്യ തള്ളി. യുക്രെയിനും റഷ്യയും തമ്മിലെ ഡ്രോൺ ആക്രമണങ്ങൾ ശക്തമായി തുടരവെയാണ് നീക്കങ്ങൾ.
ഭരണഘടന ലംഘിക്കില്ല. യുക്രെയിന്റെ ഭൂമി അധിനിവേശക്കാർക്ക് സമ്മാനിക്കില്ല.
- വൊളൊഡിമിർ സെലെൻസ്കി,
യുക്രെയിൻ പ്രസിഡന്റ്
യുക്രെയിന്റെ 20 % പ്രദേശം റഷ്യൻ നിയന്ത്രണത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |