ന്യൂഡൽഹി: ഡോ.കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും, ഡോ.സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വി.സിമാരായി പുനർനിയമനം നൽകിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നടപടി സുപ്രീംകോടതി ഇന്ന് പരിശോധിക്കും. പുനർനിയമന വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി കോടതിക്ക് മുന്നിലെത്തും. കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
ജൂലായ് 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അന്ത:സത്ത കണക്കിലെടുക്കാതെയാണ് പുനർനിയമന വിജ്ഞാപനങ്ങളെന്ന് സർക്കാരിന്റെ ഹർജിയിൽ പറയുന്നു. താത്കാലിക വി.സി നിയമനം സാങ്കേതിക- ഡിജിറ്റൽ സർവകലാശാല നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണമെന്ന് കൃത്യമായ നിർദ്ദേശമുണ്ടായിരുന്നു. അതിനാൽ സർക്കാർ നൽകിയ പാനലിൽ നിന്നായിരിക്കണം നിയമനമെന്നും ചൂണ്ടിക്കാട്ടി.
ഗവർണറും സർക്കാരും യോജിച്ചും സഹകരിച്ചും നീങ്ങണമെന്നും, രാഷ്ട്രീയം കലർത്തിയാൽ വകവച്ചുതരില്ലെന്നും കഴിഞ്ഞതവണ കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച അതേ ബെഞ്ചാണ് ഈ വിഷയവും പരിഗണിക്കുന്നത്.
കോടതി ഉത്തരവ് പാലിച്ചില്ല
യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യരായ മൂന്നുപേരുടെ പേരുകൾ ഉൾക്കൊള്ളിച്ച പാനൽ ആഗസ്റ്റ് ഒന്നിന് ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നുവെന്നും സർക്കാരിന്റെ ഹർജിയിൽ
എന്നാൽ സുപ്രീംകോടതി ഉത്തരവ് പാലിക്കാതെ ഗവർണറുടെ സെക്രട്ടേറിയറ്റ് ഏകപക്ഷീയമായി പുനർനിയമന വിജ്ഞാപനമിറക്കി
സ്ഥിര വി.സി നിയമനത്തിന് ആത്മാർത്ഥമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നു
വിശദീകരിക്കാൻ ഗവർണർ
നിലവിലെ വി.സിമാരെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിൽ അനുമതി നൽകിയിരുന്നുവെന്നാകും ഗവർണർ വാദിക്കുക. സർക്കാരുമായി യോജിച്ചു പോകുന്നതിൽ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകുന്നില്ല എന്നും അറിയിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |