ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഇസാഫ് ബാങ്ക് ശാഖയിൽ വൻ കവർച്ച. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 18 മിനിട്ടുകൊണ്ട്
14.8 കിലോഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. 14 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണമാണ് കവർന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ജബൽപുരിലെ ഖിതോല ശാഖയിൽ തിങ്കളാഴ്‌ചയാണ് സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ അഞ്ച് പേരാണ് മോഷണം നടത്തിയത്. ബാങ്ക് തുറന്ന ഉടനെയായതിനാൽ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. രണ്ട് മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം ബാങ്കിലേക്ക് കയറുകയായിരുന്നു. ആറ് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ടോയ്‌ലെറ്റിൽ പൂട്ടിയിട്ടു. പിന്നീട് ലോക്കറിൽ നിന്ന് സ്വർണവും പണവും കവരുകയായിരുന്നു. രാവിലെ 8.50ന് ബാങ്കിൽ കയറിയ സംഘം 9.8നാണ് പുറത്തിറങ്ങിയത്. സംഭവം നടന്ന് 45 മിനിറ്റ് കഴിഞ്ഞാണ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതെന്ന് ഡി.ഐ.ജി പറഞ്ഞു. അവിടെ സുരക്ഷ കുറവാണെന്ന് നന്നായി അറിയാവുന്നവരാകാം പിന്നിൽ. കവർച്ചക്കാരെ കണ്ടെത്തുന്നതിന് ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അയൽ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയെന്നും ജബൽപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് സമ്പത്ത് ഉപാദ്ധ്യായ അറിയിച്ചു. രാവിലെ 10.30 നാണ് സാധാരണ ബാങ്കിന്റെ പ്രവൃത്തി സമയം. എന്നാൽ ഉത്സവ സീസൺ ആയതിനാൽ നിലവിൽ രാവിലെ 8നും 9നും ഇടയിൽ പ്രവർത്തനം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |