ആലുവ: ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി 'ദൈവദശകം' ലോകമാകെ വിവിധ ഭാഷകളിൽ ഗ്രാനൈറ്റിൽ സ്ഥാപിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
1914ൽ ഗുരുദേവൻ ആലുവ ആശ്രമത്തിൽ വച്ചാണ് സർവമത വിശ്വപ്രാർത്ഥനയായ 'ദൈവദശകം' രചിച്ചത്. ആദ്യ സ്മാരകഫലകം ഇന്ന് വൈകിട്ട് അഞ്ചിന് അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിക്കും. ഡോ. വരുൺ, ഡോ. വീണ മോഹനൻ എന്നിവരാണ് സമർപ്പിക്കുന്നത്.
സമർപ്പണ സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. സുരേഷ് മധുസൂദനൻ അദ്ധ്യക്ഷനാകും. ദൈവദശകം ഫലകസമർപ്പണം ധനലക്ഷ്മി, ഡോ. വരുൺ, ഡോ. വീണാ മോഹൻ എന്നിവർ ചേർന്ന് നിർവഹിക്കും. യു.എ.ഇ അലൈൻ മെഡിക്കൽ സെന്റർ എം.ഡി ഡോ. സുധാകരൻ മുഖ്യാതിഥിയാകും. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി വിശ്രുതാത്മാനന്ദ, പി.എസ്. ബാബുറാം, ബൈജു പാലക്കൽ, കൃഷ്ണശങ്കർ, രാജേഷ് അമ്പലപ്പുഴ, വിപിൻ രവീന്ദ്രനാഥ്, എൻ.എസ്. സജീവ് എന്നിവർ സംസാരിക്കും.
അദ്വൈതാശ്രമം വെബ്സൈറ്റ്
സ്വിച്ച് ഓൺ ഇന്ന്
നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് സമർപ്പണം ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് രാവിലെ 11ന് നടക്കും. കൊച്ചി മെട്രോ എം.ഡി ലോക‌്നാഥ് ബെഹ്റ, ഫിനോവെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കൃഷ്ണശങ്കർ എന്നിവരും സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |