നെയ്യാറ്റിൻകര: ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അവരുടെ അരികിലെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ‘മൊബൈൽ മെഡിക്കൽ യൂണിറ്റ്’ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. ആകെ ഉദ്ഘാടന ദിവസം മാത്രമാണ് യൂണിറ്റ് പ്രവർത്തിച്ചത്. ആവശ്യമായ സ്റ്റാഫ് ഇല്ലാത്തതാണ് പ്രധാന തടസ്സമെന്നാണ് അധികൃതർ പറയുന്നത്.
ആരോഗ്യ മേഖലയിലെ വികസനത്തിന് കുതിപ്പാകുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി 2023 ആഗസ്റ്റിൽ കെ.ആൻസലൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. ഉടൻതന്നെ സ്റ്റാഫിനെ നിയമിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിന്യസിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഉപയോഗപ്പെടുന്നത്
അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകൾക്ക്
പരിശോധനാ സൗകര്യങ്ങൾ
ജീവിതശൈലി രോഗനിർണയം,ഡെങ്കിപ്പനി,എലിപ്പനി പരിശോധന,രക്തപരിശോധന, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങൾ മൊബൈൽ യൂണിറ്റിൽ ഒരുക്കിയിരുന്നു. ഇ.സി.ജി പരിശോധനയ്ക്കായി കിടക്കാനുള്ള ബെഡും പ്രത്യേകം സജ്ജീകരിച്ചിരുന്നു. അഞ്ച് പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിലും അഞ്ചു ദിവസത്തെ സേവനം നൽകുമെന്നായിരുന്നു പദ്ധതി രൂപരേഖ.
പ്രാവർത്തികമാകാത്ത സ്റ്റാഫ് നിയമനം
ഡോക്ടർ,ഫാർമസിസ്റ്റ്,ഡ്രൈവർ,ടെക്നീഷ്യന്മാർ തുടങ്ങിയവരെ നാളിതുവരെയും നിയമിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.നിലവിൽ വാഹനം ബ്ലോക്ക് ഓഫീസിലാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ പുല്ലുവിള സി.എച്ച്.സി.യിലും.
44 ലക്ഷം കട്ടപ്പുറത്ത്
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് സഞ്ചരിക്കുന്ന ആശുപത്രി തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഉൾനാടൻ പ്രദേശങ്ങളിൽ ആരോഗ്യസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ‘കട്ടപ്പുറത്തായി’.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |