തിരുവനന്തപുരം: പുതിയ ബസുകൾ പുറത്തിറക്കുന്നതിനൊപ്പം മൂന്നു ദിവസം പ്രദർശനോത്സവവും സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി. സാധാരണ ഇതോടനുബന്ധിച്ച് ഉദ്ഘാടനവും ഫ്ലാഗ് ഓഫ് ചടങ്ങും മാത്രമാണ് ഉണ്ടാകുക. എന്നാൽ, ഇക്കുറി 143 പുതിയ ബസുകൾ പുറത്തിറക്കുന്ന ചടങ്ങിനൊപ്പം കനകക്കുന്നിൽ നാളെ മുതൽ മൂന്നുദിവസം 'ട്രാൻസ്പോ' എന്ന പേരിൽ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
പുതിയ ബസുകൾക്കു പുറമെ, വിവിധ കമ്പനികളുടെ കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും ഉണ്ടാകും. വിവിധ വിഷയങ്ങളിൽ സെമിനാറും വൈകിട്ട് ചലച്ചിത്ര രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. നാളെ രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയ്ക്കു ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെ 430 പുതിയ ബസുകൾ വാങ്ങിയിരുന്നു. ഗജരാജ എന്ന പേരിൽ അന്ന് സ്ലീപ്പർ എ.സി ബസുകളടക്കം നിരത്തിലിറക്കി.
യാത്രക്കാരനാകാൻ
മോഹൻലാൽ
പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്നു വൈകിട്ട് 5.30ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡൻസ് സ്മാർട്ട് കാർഡുൾപ്പെടെ ഉൾപ്പെടെ ചടങ്ങിൽ അവതരിപ്പിക്കും. മന്ത്രി കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷനാകും. പുതിയ സ്ലീപ്പർ ബസിൽ യാത്ര ചെയ്യാൻ സൂപ്പർതാരം മോഹൻലാലും ഉണ്ടാകും.
143 പുതിയ ബസുകൾ
ദീർഘദൂര സർവീസുകൾക്ക്: സ്ലീപ്പർ എ.സി, സെമി സ്ലീപ്പർ എ.സി, പ്രിമിയം സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ. രണ്ടു ജില്ലകളിലേയ്ക്കുള്ള യാത്രയ്ക്ക്: ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ. ഓർഡിനറി സർവീസുകൾക്ക്: മിനി ബസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |