ക്രൂഡ് വിലയിലെ ഇടിവ് നേട്ടമായി
കൊച്ചി: ക്രൂഡോയിൽ വിലയിലെ ഇടിവിന്റെയും ആഭ്യന്തര വിപണിയിലെ വിൽപ്പന ഉണർവിന്റെയും കരുത്തിൽ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയർന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതും ഗൾഫ് രാജ്യങ്ങൾ ഉത്പാദനം വർദ്ധിപ്പിച്ചതുമാണ് ക്രൂഡോയിൽ വില ഇടിച്ചത്. എന്നാൽ രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാതിരുന്നതാണ് ലാഭ മാർജിൻ കൂട്ടിയത്.
പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയുടെ സംയോജിത ലാഭം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16,184 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിനേക്കാൾ രണ്ടര ഇരട്ടി വർദ്ധനയാണ് ഇത്തവണ അറ്റാദായത്തിലുണ്ടായത്. ബി.പി.സി.എല്ലാണ് അവലോകന കാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചത്. പമ്പിലെ ശരാശരി പെട്രോൾ വിൽപ്പനയിലും ബി.പി.സി.എല്ലാണ് മുൻനിരയിൽ. ബി.പി.സി.എല്ലിന്റെ പമ്പുകളിൽ പ്രതിമാസം ശരാശരി 153 കിലോലിറ്റർ പെട്രോളിന്റെ വിൽപ്പനയുണ്ട്. ഐ.ഒ.സിയുടെ ശരാശരി വിൽപ്പന 130 കിലോ ലിറ്ററാണ്.
ലാഭക്ഷമതയിൽ ബി.പി.സി.എൽ മുന്നിൽ
ഒരു ബാരൽ ക്രൂഡിൽ നിന്നുള്ള ഉത്പന്നങ്ങൾ വിൽക്കുമ്പാേഴുള്ള ലാഭത്തിൽ(മാർജിൻ) ബി.പി.സി.എല്ലാണ് ഒന്നാമത്. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ ബി.പി.സി.എല്ലിന്റെ റിഫൈനിംഗ് മാർജിൻ 4.88 ഡോളറാണ്. എച്ച്.പി.സി.എല്ലിന്റെ റിഫൈനിംഗ് മാർജിൻ ബാരലിന് 3.08 ഡോളറും ഐ.ഒസിയുടെ ലാഭക്ഷമത 2.15 ഡോളറുമാണ്.
ഒരു ലിറ്റർ പെട്രോളിൽ 10.3 രൂപ ലാഭം
പൊതുമേഖല കമ്പനികൾ ആഭ്യന്തര വിപണിയിൽ പെട്രോൾ വിൽക്കുമ്പോൾ നേടുന്ന ലാഭം ആദ്യ പാദത്തിൽ ലിറ്ററിന് 10.3 രൂപയായി കുതിച്ചുയർന്നു. മുൻവർഷം ഇതേകാലയളവിൽ ലാഭം 4.4 രൂപയായിരുന്നു. ഡീസൽ വിൽപ്പനയിലെ ലാഭം ഏപ്രിൽ-ജൂൺ കാലയളവിൽ ലിറ്ററിന് 8.2 രൂപയാണ്. കഴിഞ്ഞ വർഷം 2.5 രൂപയായിരുന്നു.
ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്തം ലാഭം 16,184 കോടി രൂപ
കമ്പനി : അറ്റാദായം(കോടി രൂപയിൽ)
ബി.പി.സി.എൽ : 6,124
ഐ.ഒ.സി : 5,689
എച്ച്.പി.സി.എൽ: 4,371
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |