ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിനെതിരായ ആരോപണം സംബന്ധിച്ച് രാഹുലോ കോൺഗ്രസ് നേതാക്കളോ ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. ആരോപണങ്ങളുണ്ടാകുമ്പോൾ രാജിക്കാര്യത്തിൽ അതത് വ്യക്തികളും അവരുടെ പാർട്ടിയുമാണ് തീരുമാനമെടുക്കേണ്ടത്. സ്പീക്കർക്ക് ഇക്കാര്യത്തിൽ വേറെ ചുമതലയില്ല. ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാകണം. സ്ത്രീകളെ ബഹുമാനിക്കണമെന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം.
വളർത്തിക്കൊണ്ടു
വന്നവർക്കും ഉത്തരവാദിത്വം:
മന്ത്രി പി. രാജീവ്
കളമശേരി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം അതീവ ഗുരുതരമാണെന്നും വളർത്തിക്കൊണ്ടു വന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പി. രാജീവ്.
ഇതുവരെ കണ്ടിട്ടില്ലാത്ത അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ ഈ വിഷയത്തിൽ കാണുന്നത്. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. കോൺഗ്രസിൽ നിന്നു തന്നെ രാജി ആവശ്യം ഉയരുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. കളമശേരി പ്രൊഡക്ടിവിറ്റി ഹാളിൽ 'കൃഷിക്കൊപ്പം കളമശേരി"യുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാറി നിൽക്കുന്നതാണ്
ഉചിതം: ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ: പൊതുരാഷ്ട്രീയത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ സ്വയം മാറി നിൽക്കുന്നതാണ് ഉചിതമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ. ധാർമ്മിക ഉത്തരവാദിത്തം രാഹുൽ ഏറ്റെടുക്കണം. മാറി നിൽക്കാൻ അറച്ചു നിൽക്കേണ്ട കാര്യമില്ല. സ്ത്രീകൾക്കൊപ്പം നിൽക്കണമെന്നതാണ് കോൺഗ്രസ് നയം.
പ്രതികരിക്കാതെ
വി.ഡി.സതീശൻ
കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ എത്തിയതായിരുന്നു അദ്ദേഹം. സമ്മേളന വേദിയിൽ കയറുന്നതിന് മുമ്പും ശേഷവും മാദ്ധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും കേൾക്കാത്ത മട്ടിൽ കടന്നുപോവുകയായിരുന്നു.
ആരോപണം ഗൗരവതരം:
വേണുഗോപാൽ
ന്യൂഡൽഹി: പാലക്കാട് എം.എം.എൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണം ഗൗരവതരമായ വിഷയമെന്നും പാർട്ടി ചർച്ച ചെയ്യുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ആരോപണമുയർന്ന ഉടൻ ശക്തമായ നടപടി 24 മണിക്കൂറിനകം എടുത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. അതിനുശേഷം പല കാര്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിലെ നേതാക്കൾ ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുന്നു. ആശയവിനിമയം നടത്തുന്നുണ്ട്. വൈകാതെ തന്നെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും
രാഹുലിന്റെ രാജി അനിവാര്യം: പി.കെ. ശ്രീമതി
നേതൃത്വം ഇടപെട്ട് രാഹുലിനെ കൊണ്ട് രാജിവെപ്പിക്കണമെന്ന് സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ. പ്രതിപക്ഷ നേതാവും കെ.പി.പി.സി പ്രസിഡന്റും രാഹുലിനെ സംരക്ഷിക്കുന്നു. അവരുടെ മൗനത്തെക്കുറിച്ച് വിമർശിച്ചതിന് തനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതികരിക്കണം. പി.കെ.ശശിക്കെതിരെ ആരോപണമുയർന്നപ്പോൾ സി.പി.എം നടപടി എടുത്തിരുന്നു.
രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിരു കടന്നു. അമ്മയുടെ പ്രായമുള്ള എന്നെ ഉപയോഗിക്കാൻ പറ്റാത്ത ഭാഷയിൽ ആക്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |