ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ ദമ്പതിമാർക്കും മൂന്നുകുട്ടികൾ വേണം എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഇത്തരം പരാമർശങ്ങൾ സ്ത്രീകൾക്കുമേൽ അന്യായമായ ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നാണ് ഒവൈസി പറയുന്നത്. ആളുകളുടെ കുടുംബജീവിതത്തിലേക്ക് എത്തിനോക്കാൻ ആരാണ് ആർഎസ്എസ് മേധാവിക്ക് അവസരം നൽകിയതെന്നും ഒരു അഭിമുഖത്തിൽ ഒവൈസി ചോദിച്ചു.
' വ്യത്യസ്ത മുൻഗണനകളുള്ള ഇന്ത്യൻ സ്ത്രീകളുടെ മേൽ നിങ്ങൾ എന്തിനാണ് കൂടുതൽ ഭാരം ചുമത്താൻ ശ്രമിക്കുന്നത്. മുസ്ലീം ജനസംഖ്യാ വളർച്ചാനിരക്ക് ഇതിനകം കുറഞ്ഞുവരികയാണ്. നിലവിൽ 14.2 ശതമാനം മാത്രമാണ് അത്. ആർഎസ്എസും അനുബന്ധ ഗ്രൂപ്പുകളും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. മുസ്ലീം വിദ്വേഷം നിലനിറുത്താൻ ആർഎസ്എസ് സ്പോൺസർ ചെയ്യുന്നത് അവർ പിന്തുണ നൽകുന്ന സംഘടനകളെയാണ്. മോദി ഭരണകാലത്ത് ഇത്തരം വിദ്വേഷം സ്ഥാപനവൽക്കരിക്കപ്പെട്ടു'- ഒവൈസി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പുറത്താക്കാൻ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ സംഭലിൽ ഹിന്ദുവിഭാഗത്തിന്റെ ജനസംഖ്യ 15 ശതമാനമായി കുറഞ്ഞെന്നുള്ള റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഒവൈസി മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാപരമായ ലാഭം വിചാരിച്ചപോലെ ലഭിക്കാത്തതുകൊണ്ടാകാം മൂന്നുകുട്ടികൾ വേണമെന്ന നയം ആർഎസ്എസ് മേധാവി മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്. അവർക്ക് തൊഴിലവസരമോ വിദ്യാഭ്യാസമോ പരിശീലനമോ നൽകാൻ മോദിയും മോഹൻഭഗവതും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.' എത്ര കുട്ടികൾ വേണമെന്ന് ഒരു സ്ത്രീ അവരുടെ കുടുംബവുമായാേ ഭർത്താവുമായോ ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമല്ലേ?. അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. ആർഎസ്എസിലുള്ള പലരും ബ്രഹ്മചാരികളായി കഴിയുന്നവരാണ്. അവർ ചെയ്യാത്ത കാര്യങ്ങളിൽ അവരെന്തിനാണ് അഭിപ്രായം പറയുന്നത് അഭിമുഖത്തിൽ ഒവൈസി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |