ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചർച്ച നടത്തി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിംഗിനോട് പറഞ്ഞു.
2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽവച്ച് മോദിയും ഷി ജിങ് പിംഗും നടത്തിയ ചർച്ച ഫലപ്രദമായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇരുനേതാക്കളും വീണ്ടും ചർച്ച നടത്തിയത്. 'കഴിഞ്ഞ വർഷം, കസാനിൽ ഞങ്ങൾ നടത്തിയ ചർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലൊരു ദിശാബോധം നൽകി. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു'- മോദി വ്യക്തമാക്കി.
ടിബറ്റ് മേഖലയിലേക്കുള്ള കൈലാസ മാനസരോവർ യാത്ര പുനരാരംഭിച്ചതായും ഇരു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങൾക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഒരു മണിക്കൂറോളമാണ് ഇരുനേതാക്കളും ചർച്ചനടത്തിയത്.
ഏഴു വർഷത്തിനിടെ ആദ്യമായിട്ടാണ് നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെയാണ് അദ്ദേഹം ചൈനയിലെത്തിയത്. ഇന്നും നാളെയും അവിടെയുണ്ടാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും ചർച്ച നടത്തും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് 50 % ഇറക്കുമതി തീരുവ ചുമത്തിയത്. ചൈനയുമായി തുറന്ന മനസോടെ ഒന്നിക്കാൻ തയ്യാറെന്നാണ് വെള്ളിയാഴ്ച മോദി ജപ്പാനിൽ പറഞ്ഞിരുന്നു.
ഡ്രാഗണും ആനയും ഒന്നിക്കണം
ഡ്രാഗണും ആനയും ഒരുമിച്ച് ചേരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗ് പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നല്ല അയൽബന്ധം പരസ്പര വിജയത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |