സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്
'ജാതിഭേദം വരരുത്, അതാണ് വേണ്ടത്, അത് സാധിക്കും, നിശ്ചയമായും സാധിക്കും. സത്യവ്രതനെ നോക്കൂ, സത്യവ്രതന് അശേഷം ജാതിയില്ല; ഉണ്ടോ?"- ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖരിൽ പ്രഥമ ഗണനീയരിൽപ്പെടുന്ന സത്യവ്രത സ്വാമികളെപ്പറ്റി ഒരിക്കൽ ഗുരുദേവൻ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. ഗുരുദേവന്റെ ജാതിരഹിത കർമ്മമേഖലകളിൽ മുൻനിരയിൽത്തന്നെ സത്യവ്രത സ്വാമികൾ ഉണ്ടായിരുന്നു; സമാധി പ്രാപിക്കും വരെയും. പൂർവാശ്രമത്തിൽ അയ്യപ്പൻപിള്ളയായിരുന്നു സത്യവ്രത സ്വാമി.
കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്. നെൽവയലുകളും കായലുകളും കുട്ടനാടിന്റെ പ്രത്യേകതയായിരുന്നു. ഒട്ടേറെ നായർ കുടുംബങ്ങളും ഈഴവ കുടുംബങ്ങളും മറ്റ് താഴെത്തട്ടിലുള്ള പല വിഭാഗങ്ങളുമായിരുന്നു നാട്ടിൽ അധികവും വസിച്ചിരുന്നത്. ഇവിടെ രാമങ്കരിയിലെ മാമ്പുഴക്കരി വികസനം കടന്നുചെല്ലാത്ത പ്രദേശമായിരുന്നു അന്ന്. ആഭിജാത്യത്തിലും ആയോധനപാടവത്തിലും ഏറെ മുന്നിലായിരുന്നു നായർ തറവാടുകൾ. മാമ്പുഴക്കരിയിലെ ഇത്തരമൊരു നായർ തറവാട്ടിലാണ് 1893 മാർച്ച് 11 ന് (1068 കുംഭം 26) വിശാഖം നക്ഷത്രത്തിൽ സത്യവ്രത സ്വാമിയുടെ ജനനം. ശങ്കരൻനായരും കൊച്ചുകുഞ്ഞി അമ്മയുമായിരുന്നു മാതാപിതാക്കൾ.
ശങ്കരൻനായർ അറിയപ്പെട്ടിരുന്നത് കുഞ്ചുപിള്ള എന്നായിരുന്നു. മാസപ്പടി, മുല്ലക്കരം പിരിവുകാരനായിരുന്നു ശങ്കരൻനായർ. മാതാവ് കുഞ്ഞിയമ്മ ആദ്ധ്യാത്മിക സാധനയിലും ക്ഷേത്രദർശനത്തിലും വ്രതാനുഷ്ഠാനത്തിലും നിഷ്ഠ പാലിച്ചിരുന്നു. പഠനത്തിൽ അതീവസാമർത്ഥ്യം പ്രകടിപ്പിച്ചിരുന്ന അയ്യപ്പൻപിള്ള സംസ്കൃതവും മലയാളവും വേഗത്തിൽ ഹൃദിസ്ഥമാക്കിയിരുന്നു. ഗുരുനാഥന്മാരിൽ നിന്നും സ്വപരിശ്രമംകൊണ്ടും കാലഗതിയനുസരിച്ചും പിള്ള വിജ്ഞാനം സമ്പാദിച്ചുകൊണ്ടിരുന്നു. അക്കാലത്ത് വേഴപ്ര സ്കൂളിലെ പ്രധാന അദ്ധ്യാപകൻ പൊതുവാടത്ത് നാരായണപിള്ളയായിരുന്നു. അയ്യപ്പൻപിള്ളയുടെ ബുദ്ധിശക്തിയിലും ധീരതയിലും ആകൃഷ്ടനായ അദ്ദേഹം തന്റെ ശിഷ്യനോട് അത്യന്തം വാത്സല്യം പ്രകടിപ്പിച്ചു പോന്നു.
ഗുരുദേവനെ
കണ്ടുമുട്ടുന്നു
പതിനഞ്ചാം വയസിൽ അയ്യപ്പൻപിള്ള നല്ല മാർക്കോടെ ഏഴാം ക്ലാസ് പാസായി. തുടർന്നുള്ള പഠനത്തിന് അടുത്ത പ്രദേശത്ത് സൗകര്യങ്ങൾ കുറവായിരുന്നു. സാമ്പത്തിക ഭദ്രതയും കുടുംബ സാഹചര്യങ്ങളും അനുകൂലമായിരുന്നുമില്ല. അതിനാൽ അയ്യപ്പൻപിള്ളയ്ക്ക് വളരെ വിഷമത്തോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1916- ലെ ശിവരാത്രി ദിനത്തിൽ അയ്യപ്പൻപിള്ള ആലുവ അദ്വൈതാശ്രമത്തിലെത്തി. ആശ്രമത്തിന്റെ പടി കടക്കുംവരെ, നാട്ടിൽ നിലനിന്നിരുന്ന ജാതി മേധാവിത്വം അയ്യപ്പൻപിള്ളയിലും ഉണ്ടായിരുന്നു. പക്ഷേ, അദ്വൈതാശ്രമത്തിന്റെ മണ്ണിൽ കാൽ പതിഞ്ഞതോടെ ഒരു തേജോമായ രൂപത്തിൽ പിള്ള ആകൃഷ്ടനായി. അദ്ദേഹം ഗുരുദേവ സന്നിധിയിൽ എത്തിച്ചേർന്നു.
വെളുത്ത് ദൃഢഗാത്രനായ ആ യുവാവിന്റെ വാക്കുകളിൽ സ്ഫുരിക്കുന്ന ദൃഢത കണ്ട് ഗുരുദേവൻ അദ്ദേഹത്തിന്റെ ഭാവി തിരിച്ചറിഞ്ഞിരുന്നു. അയ്യപ്പൻപിള്ളയ്ക്ക് മടങ്ങിപ്പോകുവാൻ മടി. പിള്ളയുടെ മനമറിഞ്ഞ ഗുരുദേവൻ, 'പോയാൽ പിന്നെയും വരാമല്ലോ" എന്നു പറഞ്ഞ് അയ്യപ്പൻപിള്ളയെ പറഞ്ഞയച്ചു. വീട്ടിലെത്തിയിട്ടും ആ യുവാവിന്റെ മനസ് അദ്വൈതാശ്രമത്തിൽ, ഗുരുദേവ തൃപ്പാദങ്ങളിൽ തന്നെയായിരുന്നു. അധികം താമസിയാതെ അയ്യപ്പൻപിള്ള ആശ്രമത്തിൽ തിരികെയെത്തി. ഗുരുദേവനാകട്ടെ, അദ്ദേഹത്തെ കൂടെക്കൂട്ടി അദ്വൈതാശ്രമം സംസ്കൃത പാഠശാലയിൽ അദ്ധ്യാപകനായി നിയമിച്ചു.
ഗുരുദേവൻ 1918-ൽ സിലോൺ സന്ദർശനത്തിന് തിരിച്ചപ്പോൾ അയ്യപ്പൻപിള്ളയെയും ഒപ്പം കൂട്ടി. സിലോണിൽ ഗുരുദേവ സിദ്ധാന്തങ്ങൾ, മതപരിഷ്കരണം, ഏകമതം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അയ്യപ്പൻപിള്ള പ്രഭാഷണങ്ങൾ നടത്തി. സിലോണിൽ വച്ചാണ് അയ്യപ്പൻപിള്ളയെ സത്യവതൻ എന്ന് ഗുരു നാമകരണം ചെയ്തത്. കുറേക്കാലം കൂടി സത്യവ്രതൻ സിലോണിൽത്തന്നെ തുടർന്നു. 1923-ൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കേരളത്തിലുടനീളം സഞ്ചരിച്ച് ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുകയായിരുന്നു സത്യവ്രതന്റെ പ്രധാന ചുമതല.
ദേശാഭിമാനി ടി.കെ. മാധവനുമായി ഇക്കാലത്ത് പരിചയപ്പെടുവാൻ അവസരമുണ്ടായതോടെ ഇവരൊന്നിച്ച് അയിത്തോച്ചാടനം, മദ്യവർജ്ജനം, ക്ഷേത്രപ്രവേശനം തുടങ്ങി ചരിത്ര സമരങ്ങൾക്ക് നേതൃത്വം നല്‍കുകയുണ്ടായി. സാമൂഹിക പ്രവർത്തനം കൂടിയപ്പോൾ അദ്വൈതാശ്രമത്തിലെ അദ്ധ്യാപകൻ എന്ന നിലയിൽ കൃത്യത പാലിക്കാൻ പറ്റാത്തതുകൊണ്ട് ജോലിയിൽ നിന്ന് സ്വയം ഒഴിഞ്ഞു. തുടർന്ന് 1923 മുതൽ 'നവജീവൻ" എന്ന മാസിക പ്രസിദ്ധീകരിച്ചു.
സർവമത സമ്മേളനം, ആലുവ അദ്വൈതാശ്രമത്തിൽ 1924-ൽ സംഘടിപ്പിച്ചപ്പോൾ സത്യവ്രത സ്വാമികൾ മുഖ്യനേതൃത്വം ഏറ്റെടുത്തു.
സർവമത സമ്മേളന കാലത്തു നടന്ന വൈക്കം സത്യഗ്രഹം ശതാബ്ദി പിന്നിട്ടു. വൈക്കത്ത് വഴി നടക്കാൻ അവകാശം തേടിയ സത്യഗ്രഹ സമരത്തിന് അന്ന് ടി.കെ മാധവനോടൊപ്പം സത്യവ്രതസ്വാമിയും ഉണ്ടായിരുന്നു. വൈക്കത്തു നിന്ന് പുറപ്പെട്ട സവർണ ഹിന്ദു ജാഥയ്ക്ക് സ്വാമികളുടെ വലിയ പിന്തുണയുണ്ടായി. സത്യഗ്രഹത്തിൽ പങ്കെടുക്കുവാൻ ഗുരുദേവന്റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ അതിൽ പൂർണമായും പങ്കെടുക്കുവാൻ ആയില്ലെങ്കിലും തന്റെ മനസും പിന്തുണയും സത്യഗ്രഹികൾക്കൊപ്പമുണ്ടായിരുന്നു.
മഹാഗുരുവിന്റെ കാരുണ്യവർഷം ഏറെ ചൊരിഞ്ഞ മഹാനായ ശിഷ്യൻ സത്യവ്രത സ്വാമികൾ ഒരുവേള അമ്മയെ കാണാനുള്ള ആഗ്രഹത്താൽ നാട്ടിലെത്തിയപ്പോൾ ഒരു വഞ്ചി മറിഞ്ഞ് കുറെ യാത്രക്കാർ വെള്ളത്തിൽ വീണു. ഈ സമയത്ത്, വെള്ളത്തിൽ വീണവരെ രക്ഷിക്കേണ്ട ബാദ്ധ്യത തനിക്കുമുണ്ടെന്ന ചിന്തയിൽ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം വെള്ളത്തിലേക്കു ചാടി. അന്ന് സത്യവ്രതന് ജ്വരത്തിന്റെ ആരംഭമുണ്ടായിരുന്നു. അത് വകവയ്ക്കാതെയാണ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാൻ തോട്ടിൽ ചാടിയത്. നിരവധിപേരെ അദ്ദേഹം രക്ഷപ്പെടുത്തി. പക്ഷേ ജ്വരം വർദ്ധിച്ചതിനാൽ ഒരുവിധ ചികിത്സയ്ക്കും സത്യവ്രത സ്വാമിയെ രക്ഷിക്കാനായില്ല. 33-ാം വയസിൽ സന്നിപാതജ്വരം മൂർച്ഛിച്ച്, മഹാനായ ആ ഗുരുദേവ ശിഷ്യൻ 1925 സെപ്റ്റംബർ രണ്ടിന് സമാധി പ്രാപിച്ചു.
ഗുരുദേവന്റെയും ഗാന്ധിജിയുടെയും പാദം പതിഞ്ഞ പുണ്യം നിറഞ്ഞ കോട്ടയം ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലാണ് സത്യവ്രത സ്വാമികളുടെ സമാധി. ആനന്ദാശ്രമത്തിന്റെ സ്ഥാപകൻ സത്യവ്രത സ്വാമികളായിരുന്നു. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പ്രഥമ ശാഖകളിൽ ഒന്നായ ആനന്ദാശ്രമത്തിൽ സത്യവ്രതസ്വാമികളുടെ സമാധിസ്ഥാനത്തെത്തി പ്രാർത്ഥന നടത്തുവാൻ ശിവഗിരി തീർത്ഥാടന കാലത്തും അല്ലാത്തപ്പോഴും ഒട്ടേറെ ഭക്തജനങ്ങൾ വന്നുപോകുന്നുണ്ട്. 'ഗുരുദേവന്റെ വിവേകാനന്ദൻ" എന്ന് വിശേഷിക്കപ്പെടുന്ന സത്യവ്രത സ്വാമികളുടെ സമാധി ശതാബ്ദി ഒരു വർഷക്കാലം നാടാകെ ആചരിക്കുവാനാണ് ശിവഗിരി മഠം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |