കൊച്ചി: അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ എം.പിമാരും എം.എൽ.എമാരും ധർണ നടത്തും. നാളെ രാവിലെ 10 മുതൽ കാക്കനാട്ടെ കളക്‌ടറേറ്റിന് മുമ്പിലാണ് പ്രതിഷേധം.
എം.പിമാരായ ബെന്നി ബഹനാൻ. ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധർണ.
രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ സമരത്തിൽ പങ്കെടുക്കും.
അന്തിമ വിജ്ഞാപനം ഇറങ്ങാത്തതിനാൽ ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തിലാണ്. ആഗസ്റ്റ് 29ന് മുമ്പായി വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. അധികൃതരുടെ അനാസ്ഥമൂലം 18 വില്ലേജുകളിലെ ഭൂവുടമകളാണ് ദുരിതത്തിലായത്. കല്ലിടൽ പൂർത്തിയായശേഷം വിജ്ഞാപനം റദ്ദായതോടെ വേറെ സ്ഥലം വാങ്ങാൻ തുക നൽകിയത് നഷ്ടമാകുമെന്ന ആശങ്കയിലാണ് ഭൂവുടമകൾ .
അങ്കമാലി കരയാംപറമ്പ് മുതൽ കുണ്ടന്നൂർ വരെ 44.7 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 3എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സർവേ ഉൾപ്പെടെ സംസ്ഥാന സർക്കാർ നിർവഹിക്കേണ്ട നടപടികൾ ആരംഭിച്ചിട്ടില്ല. 750 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ട പദ്ധതിക്കായി സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് 160 ഏക്കറിൽ മാത്രമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടാണ് വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കാത്തതിന് കാരണം. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നത്
ബെന്നി ബഹനാൻ
എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |