ചെങ്ങന്നൂർ: നഗരസഭയുടെ 5, 7 വാർഡുകളിലൂടെ കടന്നുപോകുന്ന കുറ്റിക്കാട്ടുപ്പടി ഇടനാട് റോഡ് തകർന്നു തരിപ്പണമായി. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന ഇവിടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ സർക്കസ് അഭ്യാസികളെ പോലെയാണ് ഇരുചക്ര വാഹന യാത്രക്കാർ പോകുന്നത്. കുഴികളിലും, വെള്ളക്കെട്ടിലും വീണ് ഇതിനോടകം തന്നെ ഈ റോഡിൽ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് വരട്ടാറിൽ നിന്നുള്ള ഒഴുക്ക് കാരണം റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും, റോഡ് ചെളിക്കുണ്ടായി മാറുകയും ചെയ്യുന്നുണ്ട്. രണ്ടര കിലോമീറ്റർ ദൂരം വരുന്ന ഈറോഡ് മണ്ണിട്ട് ഉയർത്തി ബി.എം.ബി.സി നിലവരാത്തിൽ ടാർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. മാറി വരുന്ന സർക്കാരും ജനപ്രതിനിധികളും റോഡിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ യാതൊരു നിർമ്മാണവും ഇവിടെ നടന്നിട്ടുമില്ല. ഒന്നരക്കോടി രൂപ വീതം 2 തവണ റോഡിന്റെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് എംപിയും, മന്ത്രിയും പറയുന്നത് ഫ്ലെക്സിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
പൈപ്പുലൈൻ നിർമ്മാണവും റോഡ് തകർച്ചയ്ക്ക് കാരണം
വർഷങ്ങൾക്കു മുമ്പ് ബൈപ്പാസ് എന്ന പ്രഖ്യാപനവും ഈ റോഡിന് ഉണ്ടായിരുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നിന്ന് വാഹനങ്ങൾ ഇതുവഴി കടന്ന് ഇടനാട്,ചെങ്ങന്നൂർ ടൗൺ, കോഴഞ്ചേരി എന്നീ ഭാഗങ്ങളിലേക്ക് പോകാവുന്ന വഴിയായി വിഭാവനം ചെയ്തിരുന്നു. പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി ബസ് സർവീസുകൾ സർവീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്. ഇതുമൂലം ടാക്സി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ് നാട്ടുകാർ. റോഡ് തകർന്നുകിടക്കുന്നതിനാൽ ഓട്ടം വിളിച്ചാൽ ടാക്സി വാഹനങ്ങൾ വരാറില്ല. കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
....................................
ജനങ്ങളുടെ നികുതിപ്പണം വാങ്ങുന്ന സർക്കാർ തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. , ഈ റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണം.
മാത്യു വർഗീസ്
(പ്രദേശവാസി)
.................................
നിരവധി ആരാധനാലയങ്ങൾ, അങ്കണവാടി, പ്രൈമറി ഹെൽത്ത് സെന്റർ തുടങ്ങിയവ ഈ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്. അങ്കണവാടിയുടെ മതിൽ ഏത് സമയവും നിലംപൊത്തി അപകടങ്ങൾ സംഭവിക്കാവുന്ന അവസ്ഥയിലാണ്. അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെ വിടാൻ ഭയമാണ് രക്ഷകർത്താക്കൾക്ക്. ഇതിനെതിരെയും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഗീത
(അങ്കണവാടി ടീച്ചർ)
.............................
പൊതു ടാപ്പുകൾ നിരത്തിയിട്ടുണ്ടെങ്കിലും ഒരു തുള്ളി ജലം പോലും ഇവിടെ എത്താറില്ല. പുതുതായി നിർമ്മിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. എത്രയും വേഗം ഈ പണികൾ പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗികമാക്കി ഗതാഗതം പുനസ്ഥാപിക്കണം.
സന്തോഷ് പി.എൻ
(ഓട്ടോറിക്ഷ ഡ്രൈവർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |