ഏഴംകുളം : അറുകാലിക്കൽ പാലം വിദ്യാഭാരത് സ്‌കൂൾ ജംഗ്ഷൻ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. റോഡ് മുഴുവനും കുണ്ടും കുഴിയുമാണ് .അറുകാലിക്കൽ ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ചു ഏഴംകുളം വിദ്യാഭാരത് സ്‌കൂളിന് സമീപം സമാപിക്കുന്ന കനാൽ റോഡു കൂടിയാണ് ഇത് .മഴ തുടർച്ചയായി പെയ്താൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഈ കുഴികളിൽ രൂപപ്പെടുന്നത് . ഈ റോഡിന്റെ നവീകരണം നാളുകളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കേട്ട ഭാവം നടിക്കാറില്ല .സമീപത്തു കൂടി കെ.ഐ.പി കനാൽ കടന്നു പോകുന്നുണ്ട്. കുഴികളിൽ വാഹനങ്ങൾ വീണു നിയന്ത്രണം തെറ്റി കനാലിലേക്ക് വീഴാനുള്ള സാദ്ധ്യത ഏറെയാണ് . ഇതുവഴിയാണ് വിദ്യാഭാരത് സ്‌കൂളിലേക്ക് വിദ്യാർത്ഥികളും ഉൾപ്പെടെ കടന്നു വരുന്നത്. ഈ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നതിലും അധികൃതർ നടപടി സ്വീകരിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. ഏഴംകുളം കടമ്പനാട് മിനി ഹൈവേയിൽ നിന്നും ഏഴംകുളം ജംഗ്ഷനിലെത്താതെ അറുകാലിക്കൽ ക്ഷേത്രഭാഗത്തേയ്ക്കു എത്താനുള്ള എളുപ്പ വഴിയാണ് ഈ റോഡ് . തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ റോഡിന്റെ നവീകരണം വീണ്ടും ചർച്ചയാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |