ന്യൂഡൽഹി: ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) ദൗത്യത്തിന്റെ ഭാഗമായി ഔദ്യോഗിക ഇമെയിൽ വിലാസം സോഹോ മെയിലേക്ക് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. amitshah.bjp@zohomail.in ആണ് തന്റെ പുതിയ ഔദ്യോഗിക ഇമെയിൽ വിലാസമെന്നും ഭാവിയിലെ കത്തിടപാടുകൾക്കായി ഈ വിലാസം ഉപയോഗിക്കണമെന്നും ഷാ എക്സിൽ കുറിച്ചു. ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷന്റെ ഉത്പന്നമാണ് സോഹോ മെയിൽ. ഇന്ത്യൻ നിർമ്മിത പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഡേറ്റ ചോർച്ച തടയുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലും യു.എസിലും സോഹോയ്ക്ക് സെർവറുകളുണ്ട്. അതിനിടെ, പോസ്റ്റിന്റെ അവസാനം ഷാ കുറിച്ച വാചകം വൈറലായി. 'താങ്ക് യൂ ഫോർ യുവർ കൈൻഡ് അറ്റൻഷൻ ടു ദിസ് മാറ്റർ' എന്നായിരുന്നു വാചകം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ അവസാനം ഇങ്ങനെ കുറിക്കാറുണ്ട്. ഈ പ്രയോഗം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. അമിത് ഷായ്ക്ക് നന്ദി അറിയിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു രംഗത്തെത്തി. 20 വർഷത്തിലേറെയായി സോഹോയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളുടെ എൻജിനിയർമാർക്ക് ഈ നിമിഷം സമർപ്പിക്കുന്നുവെന്ന് വെമ്പു എക്സിൽ കുറിച്ചു.
സോഹോയുടെ ഓഫീസ് സ്യൂട്ടിലേക്ക് മാറുന്നതായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ് ഓഫീസിനും ഗൂഗിൾ വർക്ക്സ്പേസിനും സമാനമായ സോഫ്റ്റ്വെയർ സർവീസാണ് സോഹോ ഓഫീസ് സ്യൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |