കാൺപൂർ: നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകൾ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്. കാൺപൂരിലെ മെസ്‌റ്റേൺ റോഡിൽ ഇന്ന് വൈകിട്ട് 7.15ഓടെയാണ് സംഭവം. പരിക്കേറ്റവരിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണം അനധികൃതമായി ശേഖരിച്ചുവച്ച പടക്കമാണെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
'പ്രദേശവാസികളാരെങ്കിലും അനധികൃതമായി വാങ്ങിസൂക്ഷിച്ച പടക്കങ്ങളാകാം അപകട കാരണം. ഇതിന് പ്രദേശത്തെ പൊലീസിന്റ സഹായവും കിട്ടിയിട്ടുണ്ടെന്ന് കരുതുന്നു. ഉടൻ തന്നെ നടപടിയെടുക്കും. നാളെത്തന്നെ സ്ഥലത്തെ അനധികൃത പടക്കസംഭരണം കണ്ടെത്താൻ പരിശോധന നടത്തും.' കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചെറു കളിപ്പാട്ടങ്ങളും പടക്കങ്ങളും വിൽക്കുന്ന മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനവും കറുത്ത പുകയും ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെയെല്ലാം ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനം കാരണം അടുത്തുള്ള വാഹനങ്ങൾക്കും കളിപ്പാട്ട കടകൾക്കും നാശമുണ്ടായെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |