കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റതിന് പിന്നാലെ ലോകചാമ്പന്യന്‍മാരായ ഓസ്‌ട്രേലിയയോടാണ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ പാക് വനിതകളുടെ മറുപടി 36.3 ഓവറില്‍ 114 റണ്‍സില്‍ അവസാനിച്ചു. 107 റണ്‍സിനാണ് ഓസീസിന്റെ ജയം.
വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ നിരയില്‍ സിദ്ര അമീന്‍ 35(52) ആണ് ടോപ് സ്‌കോറര്‍. റമീന്‍ ഷമീം 15(64) ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഓപ്പണര്‍മാരായ സദഫ് ഷമാസ് 5(10), മുനീബ അലി 3(12), സിദ്ര നവാസ് 5(5), നതാലിയ പെര്‍വായിസ് 1(6), എയ്മാന്‍ ഫാത്തിമ 0(3), ക്യാപ്റ്റന്‍ ഫാത്തിമ സന 11(12), ഡയാന ബായ്ഗ് 7(8), നഷ്‌റ സന്ധു 11(41) സാദിയ ഇഖ്ബാല്‍ 2*(6), എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഓസ്‌ട്രേലിയക്ക് വേണ്ടി കിം ഗാര്‍ത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മേഗന്‍ ഷട്ട്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ കൊയ്തു. അലാന കിംഗ്, ആഷ്‌ലി ഗാര്‍ഡനര്‍, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 76-7, 115-8 എന്നീ നിലകളില്‍ നിന്ന് ബെത്ത് മൂണി നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 109(114)യാണ് പുതുജീവന്‍ നല്‍കിയത്.
ഒമ്പതാം വിക്കറ്റില്‍ അലാന കിംഗിന് 51*(49) ഒപ്പം 106 റണ്‍സാണ് ബെത്ത് മൂണി അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടില്ലായിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. മൂണിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു മൂന്ന് വിക്കറ്റുകള്‍ നേടി. ഫാത്തിമ സനയും റമീന്‍ ഷമീമും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡയാന ബായ്ഗ്, സാദിയ ഇഖ്ബാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തം പേരിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |